20 കോടിയുടെ ബമ്പർ ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥൻ; ടിക്കറ്റുമായി ലോട്ടറി വകുപ്പിലെത്തി മറ്റൊരാൾ !
ടിക്കറ്റിന് പിന്നിൽ പേരും വിലാസവും എഴുതി ഒപ്പിട്ടിരുന്നതായി സജി മോന്‍ പരാതിയില്‍ പറയുന്നു
പിറവം: 20 കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി ടിക്കറ്റ് (XC 138455) നഷ്ടപ്പെട്ടതായി കാട്ടി റിട്ടയേർഡ് എ.എസ്.ഐ പിറവം പാഴൂർ സ്വദേശി കെ.കെ. സജിമോൻ പോലീസിൽ പരാതി നൽകി. ജനുവരി 24-നായിരുന്നു ലോട്ടറി നറുക്കെടുപ്പ് നടന്നത്. മുണ്ടക്കയത്തുള്ള ഭാര്യവീട്ടിൽ പോയപ്പോൾ കാഞ്ഞിരപ്പള്ളിയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റിന് പിന്നിൽ പേരും വിലാസവും എഴുതി ഒപ്പിട്ടിരുന്നതായി സജി മോന്‍ പരാതിയില്‍ പറയുന്നു.
തന്റെ വാഹനത്തിൽ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികൾ വാഹനത്തിൽ ഒരു നെയ്‌പാത്രം മറന്നുവെച്ചു. ഈ പാത്രത്തിനടിയിലാണ് ലോട്ടറി ടിക്കറ്റ് സൂക്ഷിച്ചിരുന്നത്. തീർഥാടകരുടെ ആവശ്യപ്രകാരം നെയ്‌പാത്രം കുറിയർ വഴി അവർക്ക് അയച്ചുകൊടുത്തു. അതിനൊപ്പം അബദ്ധത്തിൽ ലോട്ടറി ടിക്കറ്റും പോയെന്നാണ് സജിമോന്റെ വാദം. കുറിയർ സ്ഥാപനത്തിൽ അന്വേഷിച്ചെങ്കിലും ടിക്കറ്റ് തിരികെ ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
സജിമോൻ പരാതിയുമായി പോലീസിനെയും കോടതിയേയും സമീപിച്ചതിനിടയിൽ, സമ്മാനാർഹമായ ടിക്കറ്റുമായി മറ്റൊരാൾ ലോട്ടറി വകുപ്പിനെ സമീപിച്ചു. ഒരു മലയാളിയാണ് ടിക്കറ്റ് ഹാജരാക്കിയതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സജിമോന്റെ മൊഴിയിലെ പല കാര്യങ്ങളിലും പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.
തർക്കം നിലനിൽക്കുന്നതിനാൽ സമ്മാനത്തുക ഇതുവരെ കൈമാറിയിട്ടില്ല. കോടതിയുടെ നിർദ്ദേശാനുസരണം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കി. പോലീസ് ഈ വിഷയത്തിൽ സജിമോന്റെ മൊഴി രേഖപ്പെടുത്തുകയും കുറിയർ സ്ഥാപനത്തിൽ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.
What's Your Reaction?



