വിസിമാർ ആർഎസ്എസ് വേദി പങ്കിട്ടത് ഗുരുതര പ്രശ്നം: മന്ത്രി റോജി എം ജോൺ
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ കേരളത്തിലെ വൈസ് ചാൻസലർമാർ പങ്കെടുത്തത് അത്യന്തം ഗുരുതരമായ വിഷയമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. വ്യക്തിപരമായ പങ്കാളിത്തം എന്നതിനപ്പുറം, മതേതര-ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക് സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ സമൂഹത്തിന് ലഭിക്കുന്ന സന്ദേശം വിപരീതമാണെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഏതെങ്കിലും തരത്തിലുള്ള പ്രത്യയശാസ്ത്ര ധ്രുവീകരണങ്ങൾക്ക് അക്കാദമിക് പദവികൾ വഴിമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലകളുടെ മതേതര സ്വഭാവത്തെ അട്ടിമറിക്കാൻ നിരന്തര ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, വൈസ് ചാൻസലർമാരിൽ നിന്ന് ഇത്തരമൊരു നടപടി ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും മന്ത്രി വിമർശിച്ചു.
തെറ്റുപറ്റിയെന്ന് പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള മാന്യതയും ഇത്തരത്തിലുള്ള നടപടികൾ ആവർത്തിക്കാതിരിക്കാനുള്ള സാമൂഹിക ബോധവും വൈസ് ചാൻസലർമാർക്കുണ്ടാകണമെന്നും റോജി എം ജോൺ വ്യക്തമാക്കി.
What's Your Reaction?



