സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; 10% ഡി.എ കുടിശ്ശിക കൂടി അനുവദിച്ചു
അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (DA) കുടിശ്ശികയിൽ 10 ശതമാനം കൂടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഇതോടെ ഇക്കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാഗ്ദാനം ചെയ്ത ആകെ 13 ശതമാനം കുടിശ്ശികയും സർക്കാർ അനുവദിച്ചു കഴിഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാർക്ക് ഇനി മുതൽ 35 ശതമാനം നിരക്കിൽ ഡിഎ ലഭിക്കും. ഇപ്പോൾ അനുവദിച്ച 10 ശതമാനം കുടിശ്ശിക മാർച്ചിലെ ശമ്പളത്തോടൊപ്പം വിതരണം ചെയ്യും. കഴിഞ്ഞ ആഴ്ച സർക്കാർ 3 ശതമാനം ഡിഎ അനുവദിച്ചിരുന്നു. അനുവദിച്ച കുടിശ്ശികയ്ക്ക് മുൻകാല പ്രാബല്യം ഉണ്ടായിരിക്കില്ല.
ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന 35 ശതമാനം ഡിഎയിൽ 22 ശതമാനം മാത്രമാണ് ഇതുവരെ നൽകിയിരുന്നത്. ബാക്കി 13 ശതമാനം കുടിശ്ശിക ഈ സാമ്പത്തിക വർഷം തന്നെ തീർക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് ഇപ്പോൾ നടപ്പിലായിരിക്കുന്നത്. ക്ഷാമബത്ത ഗഡുക്കളായി നൽകുന്നതും പുതിയ ശമ്പള കമ്മീഷനെ നിയമിക്കുന്നതും സംബന്ധിച്ച ബജറ്റ് പ്രഖ്യാപനങ്ങളിൽ പ്രത്യേക ഉത്തരവുകൾ ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
What's Your Reaction?



