എഡിജിപി ശ്രീജിത്തിന് നൽകിയ ക്ലീൻ ചിറ്റ് ഹൈക്കോടതി റദ്ദാക്കി

Jul 30, 2026 - 21:32
Jul 30, 2026 - 21:32
 0
എഡിജിപി ശ്രീജിത്തിന് നൽകിയ ക്ലീൻ ചിറ്റ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന പരാതിയിൽ എഡിജിപി എസ്. ശ്രീജിത്തിന് നൽകിയ ക്ലീൻ ചിറ്റ് ഹൈക്കോടതി റദ്ദാക്കി. പരാതികൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സമർപ്പിച്ച റിപ്പോർട്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്.

ശ്രീജിത്തിനെതിരായ പരാതിക്കാരനായ ദിപിൻ എടവന് സ്വതന്ത്രമായി മൊഴി നൽകാൻ അവസരം നിഷേധിച്ചുവെന്ന് കോടതി കണ്ടെത്തി. പരാതിക്കാരനെയും ആരോപണവിധേയനായ ഉദ്യോഗസ്ഥനെയും ഒരുമിച്ചിരുത്തി നടത്തിയ സംയുക്ത ഹിയറിങ് സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

ശ്രീജിത്തിന്റെ സാന്നിധ്യമില്ലാതെ വീണ്ടും വ്യക്തിഗത ഹിയറിങ് നടത്തി, വിജിലൻസ് സമർപ്പിച്ച രേഖകൾ ഉൾപ്പെടെ പരിശോധിച്ച് മൂന്ന് ആഴ്ചയ്ക്കകം പുതിയ തീരുമാനം എടുക്കാൻ ആഭ്യന്തര വകുപ്പിന് ഹൈക്കോടതി നിർദേശം നൽകി.

അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതും, യൂണിഫോമിൽ യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തതും, ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ അഴിമതി നടത്തിയെന്നുമുള്ള ആരോപണങ്ങളിലാണ് ദിപിൻ എടവൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്.

റിപ്പോർട്ടിൽ തീയതി പോലും രേഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ അച്ചടക്കവും നീതിപൂർവമായ നടപടികളും പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. കേസ് ഓഗസ്റ്റ് 18-ന് വീണ്ടും പരിഗണിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow