തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ട് ചേർത്തുവെന്ന പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ്. സുരേഷ് ഗോപിയും സഹോദരൻ സുഭാഷ് ഗോപിയും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേര്‍ത്തു എന്ന കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്‍റെ പരാതിയിലായിരുന്നു സുരേഷ് ഗോപിക്കെതിരേ അന്വേഷണം ആരംഭിച്ചത്.
മതിയായ തെളിവ് ഇല്ലാത്തതിനാൽ കേസ് എടുക്കാൻ ആവില്ലെന്നാണ് പോലീസ് അറിയിച്ചത്. പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപനെ ഇക്കാര്യം പോലീസ് അറിയിച്ചു. ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട രേഖകൾ പൂർണമായും ലഭിച്ചില്ലെന്നും പ്രതാപന്‍റെ പരാതിയിൽ അന്വേഷണം അവസാനിപ്പിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, വ്യാജരേഖ ചമച്ച് വോട്ടർ പട്ടികയിൽ പേര് ചേർത്തു എന്ന പരാതിയിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ കോടതിയെ സമീപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.