തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപകരണ ക്ഷാമമുണ്ടെന്ന വെളിപ്പെടുത്തലില്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതായി ഡോ. ഹാരിസ് ചിറക്കല്‍. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. വിദഗ്ധ സമിതി റിപ്പോർട്ട് നേരത്തെ ആരോഗ്യ വകുപ്പിന് കൈമാറിയിരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വഴിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
കാരണം കാണിക്കൽ നോട്ടീസ് കിട്ടിയെന്നും വിശദീകരണം നൽകുമെന്നും ഡോ ഹാരിസ് ചിറക്കൽ പറഞ്ഞു. താന്‍ പറഞ്ഞത് കള്ളമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇത് സർക്കാരിന്റെ പ്രതികാര നടപടിയാണ്. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി വിദഗ്ധ സമിതിക്ക് മുന്നില്‍ നല്‍കിയത്. ഒന്നുകിൽ റിപ്പോർട്ട് വ്യാജമാവുമെന്നും അല്ലെങ്കിൽ അതിലെ നോട്ടീസ് വ്യാജമാവുമെന്നും ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ശസ്ത്രക്രിയ മുടക്കി എന്നുള്ള ആരോപണം കള്ളമാണ്. മാർച്ച് മാസത്തിലും ജൂൺ മാസത്തിലും ഉപകരണങ്ങൾ ആവശ്യപ്പെട്ട് ഡോ. ഹാരിസ് ചിറക്കൽ സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന സർക്കാർ വാദം പൊളിയുകയാണ്.