'ടി20-യിൽ ഒരു നിശ്ചിത സ്ഥാനമില്ല, സഞ്ജുവിന് ധാരാളം അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്'; പ്രതികരണവുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
ടി20-യിൽ ബാറ്റർമാർക്ക് ഒരു നിശ്ചിത സ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സൂര്യയുടെ വിശദീകരണം
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ, ടി20 ടീമിൽ സഞ്ജു സാംസണെ ഓപ്പണർ സ്ഥാനത്ത് നിന്ന് മാറ്റി ശുഭ്മാൻ ഗില്ലിനെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രതികരിച്ചു. ടി20-യിൽ ബാറ്റർമാർക്ക് ഒരു നിശ്ചിത സ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സൂര്യയുടെ വിശദീകരണം.
സഞ്ജു ടീമിലെത്തിയ സമയത്ത് ടോപ് ഓർഡറിലാണ് ബാറ്റ് ചെയ്തിരുന്നത്. ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തുകൊണ്ട് അദ്ദേഹം മികച്ച പ്രകടനവും കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ ശ്രീലങ്കൻ പരമ്പരയിൽ ശുഭ്മാൻ, സഞ്ജുവിന് മുൻപ് ഓപ്പണറായി കളിച്ചിരുന്നു. അതിനാൽ ആ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം അർഹനായിരുന്നു." "ഇപ്പോൾ ഓപ്പണർമാർ ഒഴികെ മറ്റെല്ലാവരും ഏത് സമയത്തും ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ തയ്യാറായിരിക്കണം. സഞ്ജുവിന് ഞങ്ങൾ ധാരാളം അവസരങ്ങൾ നൽകിയിട്ടുണ്ട്, അവൻ ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ തയ്യാറാണ്."
"സഞ്ജുവിനെയും ഗില്ലിനെയും പോലുള്ള കളിക്കാർ ടീമിന്റെ ഭാഗമാകുന്നത് സന്തോഷകരമാണ്. ഒരാൾക്ക് ഓപ്പൺ ചെയ്യാം, മറ്റൊരാൾക്ക് ബാറ്റിംഗ് ഓർഡറിൽ താഴെയിറങ്ങി കളിക്കാം. അത് ടീമിന് മുതൽക്കൂട്ടാണ്," സൂര്യ വ്യക്തമാക്കി.
2024 ഒക്ടോബറിലാണ് സഞ്ജു ടി20 ടീമിന്റെ ഓപ്പണറാകുന്നത്. ഒക്ടോബർ-നവംബർ മാസങ്ങളിലായി അഞ്ച് ഇന്നിംഗ്‌സുകളിൽനിന്ന് ഓപ്പണറെന്ന നിലയിൽ മൂന്ന് സെഞ്ചുറികൾ നേടിയ സഞ്ജു, അഭിഷേക് ശർമയ്‌ക്കൊപ്പം ഇന്ത്യയുടെ മികച്ച ഓപ്പണിങ് പങ്കാളിയായി ശ്രദ്ധനേടിയിരുന്നു. എന്നാൽ, ഈ വർഷം ഏഷ്യാ കപ്പിനുള്ള ടീമിൽ ഗില്ലിനെ ഉൾപ്പെടുത്തിയതോടെയാണ് സഞ്ജുവിന് ഓപ്പണർ സ്ഥാനം നഷ്ടമായത്. സഞ്ജു ഇപ്പോഴും ടീമിന്റെ ഭാഗമാണെന്നും അദ്ദേഹത്തെ പൂർണമായി ഒഴിവാക്കിയിട്ടില്ലെന്നും സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.
What's Your Reaction?

