ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ : 1,32,83,789 വോട്ടർമാരും 36,630 സ്ഥാനാർത്ഥികളും
ആദ്യഘട്ടത്തിൽ ആകെ 15432 പോളിങ് സ്റ്റേഷനുകളാണുളളത്.
തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ (ഡിസംബർ 9) രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 471, ബ്ലോക്ക് പഞ്ചായത്ത് - 75, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 39, കോർപ്പറേഷൻ - 3) 11168 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് - 8310, ബ്ലോക്ക് പഞ്ചായത്ത് വാർഡ് - 1090, ജില്ലാ പഞ്ചായത്ത് വാർഡ് - 164, മുനിസിപ്പാലിറ്റി വാർഡ് - 1371 , കോർപ്പറേഷൻ വാർഡ് - 233) ഇന്ന് (ഡിസംബർ 9) വോട്ടെടുപ്പ് നടക്കുന്നത്.
ആകെ 1,32,83,789 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ - 62,51,219, സ്ത്രീകൾ - 70,32,444, ട്രാൻസ്‌ജെൻഡർ - 126). 456 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. പഞ്ചായത്തുകളിൽ ആകെ 1,01,46,336 ഉം, മുനിസിപ്പാലിറ്റികളിൽ 15,58,524 ഉം, കോർപ്പറേഷനുകളിൽ 15,78,929 വോട്ടർമാരും ആണുള്ളത്.
ആകെ 36630 സ്ഥാനാർത്ഥികളാണ് (17056 പുരുഷന്മാരും, 19573 സ്ത്രീകളും, ഒരു ട്രാൻസ്‌ജെൻഡറും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയക്ക് 27141 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3366 ഉം, ജില്ലാപഞ്ചായത്തിലേയ്ക്ക് 594 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 4480 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 1049 ഉം സ്ഥാനാർത്ഥികളുമാണ് മത്സരരംഗത്തുള്ളത്.
ആദ്യഘട്ടത്തിൽ ആകെ 15432 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 480 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. കാൻഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 15432 കൺട്രോൾ യൂണിറ്റും 40261 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2516 കൺട്രോൾ യൂണിറ്റും 6501 ബാലറ്റ് യൂണിറ്റും റിസർവ്വായി കരുതിയിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ സുതാര്യമായ രീതിയിൽ വോട്ട് ചെയ്യുന്നതിനായി സമ്മതിദായകൻ തിരിച്ചറിയൽ രേഖ കൈയ്യിൽ കരുതണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ തിരിച്ചറിയൽ കാർഡ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ സ്ലിപ്പ്, പാസ്സ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/ബുക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുൻപ് വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം തിരിച്ചറിയൽ രേഖയായി ഹാജരാക്കാം.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഹരിത മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് ഹരിത ബൂത്തുകൾ സജ്ജമായി. സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തുകളും ഹരിതചട്ടം പാലിക്കുന്നതിനു പുറമേ വിവിധ ജില്ലകളിലായി നിരവധി ബൂത്തുകൾ 'മാതൃക ഹരിത ബൂത്തുകൾ' എന്ന നിലയിലും സജ്ജമാക്കിയിട്ടുണ്ട്. ആദ്യഘട്ടമായി 595 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 11168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ആകെ 15,432 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇവയെല്ലാം ഹരിത ചട്ടം പാലിക്കുന്നവയാണ്.
എല്ലാ ബൂത്തുകളിലും ജൈവ, അജൈവ മാലിന്യങ്ങൾ ഇടുന്നതിന് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി ഗ്ലാസ്സ് ടംബ്ലർ, സ്റ്റീൽ ഗ്ലാസ്സ് എന്നിവയും ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ, 814 പോളിംഗ് ബൂത്തുകൾ മാതൃക ഹരിത ബൂത്തുകളായി പ്രകൃതി സൗഹൃദമായി സജ്ജമാക്കിയിട്ടുണ്ട്. 574 മാതൃകാ ബൂത്തുകളുമായി എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മാതൃകാ ഹരിതബുത്തുകൾ സജ്ജമാക്കിയിട്ടുള്ളത്. ഓല, മുള, ഈറ്റ, പനമ്പ്, തഴപ്പായ, വാഴയില, മാവില, കുരുത്തോല, പേപ്പർ, പാള തുടങ്ങിയ പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് മാതൃക ഹരിത ബൂത്തുകൾ അലങ്കരിച്ചിട്ടുള്ളത്. ഈ ബൂത്തുകളിൽ ഹരിത സന്ദേശങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ജൈവ-അജൈവ മാലിന്യങ്ങൾ വെവ്വേറെ നിക്ഷേപിക്കുന്നതിനായി പ്രകൃതിസൗഹാർദ്ദപരമായ ഓലകൊണ്ടും പനയോലകൊണ്ടും ഉണ്ടാക്കിയ 'ബിന്നുകൾ' (വല്ലങ്ങൾ) ചില ജില്ലകൾ സജ്ജീകരിച്ചിട്ടുണ്ട്.
മിക്ക ജില്ലകളിലും കളക്ഷൻ/ ഡിസ്ട്രിബ്യൂഷൻ സെന്ററുകളിൽ ഹരിതകർമ്മ സേനയെയും നിയോഗിച്ചിട്ടുണ്ട്.
തിരുവനന്തപുരം ഉൾപ്പെടെ ചില ജില്ലകളിൽ ഭക്ഷണ വിതരണത്തിനായി കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്, ഹരിതചട്ടം ഉറപ്പാക്കിക്കൊണ്ട് സ്റ്റീൽ/സിറാമിക് പ്ലേറ്റുകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.
What's Your Reaction?

