കോഹ്‌ലിയെയും രോഹിത്തിനെയും ഒഴിവാക്കരുത്: ഗംഭീറിനോട് അഭ്യർത്ഥനയുമായി ശ്രീശാന്ത്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ മികച്ച പ്രകടനം ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്തിൻ്റെ പ്രതികരണം
ന്യൂഡൽഹി: 2027 ഏകദിന ലോകകപ്പിൽ വിരാട് കോഹ്‌ലിക്കും രോഹിത് ശർമക്കും ഇന്ത്യൻ ടീമിൽ ഇടമുണ്ടാകുമോ എന്ന ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് സജീവമായിരിക്കെ, ഇരുവരെയും ടീമിൽ നിലനിർത്തണമെന്ന് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ മികച്ച പ്രകടനം ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്തിൻ്റെ പ്രതികരണം.
മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനോടാണ് ശ്രീശാന്തിൻ്റെ ഈ അഭ്യർത്ഥന. അബുദാബി ടി10 ലീഗിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. "ഗൗതം ഭായ്, പരിശീലകനെന്ന നിലയിൽ താങ്കൾ ആരെയും തടയരുത്. പ്രത്യേകിച്ച് രോഹിത്തിനെയും കോഹ്‌ലിയെയും. കാരണം, ഏകദിന ക്രിക്കറ്റിൽ അവരുടെ റെക്കോർഡ് അനുപമമാണ്. അവർ കളിക്കാൻ ആഗ്രഹിക്കുന്നിടത്തോളം കാലം അവരെ അനുവദിക്കുക."
നിലവിലുള്ള പല താരങ്ങളെക്കാളും കോഹ്‌ലിയും രോഹിത്തും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായും ശ്രീശാന്ത് പറഞ്ഞു. "ഇപ്പോഴുള്ള ഭൂരിഭാഗം കളിക്കാരെക്കാളും ഈ രണ്ട് സീനിയർ ബാറ്റർമാരും ആയിരം മടങ്ങ് മികച്ചവരാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദിന ക്രിക്കറ്റിലെ ഇരുവരുടെയും മികച്ച റെക്കോർഡുകൾ കണക്കിലെടുക്കുമ്പോൾ, അവരെ ഒരു കാരണവശാലും ടീമിൽ നിന്ന് ഒഴിവാക്കരുതെന്നും ഫോർമാറ്റിൽ തുടരാൻ അവർ അർഹരാണെന്നും ശ്രീശാന്ത് വ്യക്തമാക്കി.
What's Your Reaction?