കാഞ്ഞിരമറ്റം തീപിടിത്തക്കേസ്; സംശയനിഴലിലായിരുന്ന 16കാരൻ തൂങ്ങിമരിച്ച നിലയിൽ

Jun 23, 2026 - 19:05
Jun 23, 2026 - 19:07
 0
കാഞ്ഞിരമറ്റം തീപിടിത്തക്കേസ്; സംശയനിഴലിലായിരുന്ന 16കാരൻ തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: കാഞ്ഞിരമറ്റത്ത് ഇരുചക്ര വാഹന സ്പെയർപാർട്സ് ഷോറൂമും സമീപത്തെ ബൈക്കുകളും കത്തിനശിച്ച സംഭവത്തിൽ പോലീസ് സംശയിച്ചിരുന്ന 16കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീഹരി എന്ന കുട്ടിയെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ശ്രീഹരിയുടെ വീട്ടിൽനിന്ന് ഏതാനും വീടുകൾ അകലെയുള്ള വിജനമായ കെട്ടിടത്തിന്റെ മുകളിലായിരുന്നു മൃതദേഹം. കെട്ടിടത്തിലെ വൈദ്യുതി കണക്ഷൻ പരിശോധിക്കാനെത്തിയ ഉടമയും കെഎസ്ഇബി ഉദ്യോഗസ്ഥരും ദുർഗന്ധം ശ്രദ്ധിച്ചതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. മുളന്തുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ മാസം 10-ന് പുലർച്ചെയാണ് കാഞ്ഞിരമറ്റത്തെ സ്പെയർപാർട്സ് കടയിൽ വൻ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന് തൊട്ടുമുൻപ് ഒരു കുപ്പിയുമായി ശ്രീഹരി സംഭവസ്ഥലത്ത് എത്തുന്നതും തീ പടർന്നതോടെ അവിടെനിന്ന് ഓടിപ്പോകുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സംഭവത്തിൽ ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

തീപിടിത്തത്തിന് മുൻപുള്ള ദിവസങ്ങളിൽ ലഹരിമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരും വ്യാപാരികളും ചേർന്ന് ശ്രീഹരിയെ ചോദ്യം ചെയ്തിരുന്നതായും വിവരമുണ്ട്. ഇതിന്റെ പ്രതികാരമായാണോ കടയ്ക്ക് തീയിട്ടതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക സംശയം. എന്നാൽ തീപിടിത്തം മനഃപൂർവമാണോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

കടയുടമയുമായി ശ്രീഹരിക്ക് മുൻവൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും, കടയ്ക്കുള്ളിൽ നിന്ന് ഓയിലോ മറ്റോ ശേഖരിക്കാൻ കയറിയപ്പോൾ സിഗരറ്റിലോ ലൈറ്ററിലോ നിന്നുള്ള തീപ്പൊരി പടർന്ന് അബദ്ധത്തിൽ തീപിടിച്ചതാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow