ജന്മദിനാഘോഷത്തിനിടെ യുവാവിന്റെ മരണം; അന്വേഷണത്തെ ഞെട്ടിച്ച നിർണായക കണ്ടെത്തൽ

Jun 23, 2026 - 16:54
Jun 23, 2026 - 16:54
 0
ജന്മദിനാഘോഷത്തിനിടെ യുവാവിന്റെ മരണം; അന്വേഷണത്തെ ഞെട്ടിച്ച നിർണായക കണ്ടെത്തൽ

മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയുടെ മകനായ കേതൻ അഗർവാളിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. പുണെയ്ക്ക് സമീപമുള്ള ലോഹഗഡ് കോട്ടയിൽ ട്രെക്കിങ്ങിനിടെ ഫോട്ടോയെടുക്കുന്നതിനിടെ കാൽവഴുതി കൊക്കയിലേക്ക് വീണ് മരിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ, കേതനെ പ്രതിശ്രുത വധു സിയ ഗോയലും കാമുകനും ചേർന്ന് കൊക്കയിലേക്ക് തള്ളിയിട്ടതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

പ്രതിശ്രുത വധുവായ സിയ ഗോയലിന്റെ ജന്മദിനം ആഘോഷിക്കാനായി ജൂൺ 18നാണ് ഇരുവരും ലോഹഗഡ് കോട്ടയിലേക്ക് ട്രെക്കിങ്ങിന് പോയത്. നവംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കേതൻ കാൽവഴുതി കൊക്കയിലേക്ക് വീണുവെന്നായിരുന്നു സിയ പൊലീസിന് ആദ്യം നൽകിയ മൊഴി. മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുത്തത്.

സംഭവത്തിൽ ലോണാവാല റൂറൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സിയയുടെ മൊഴിയിൽ വൈരുധ്യങ്ങൾ കണ്ടെത്തി. മൊബൈൽ ഫോൺ ഡാറ്റ, കോൾ റെക്കോർഡുകൾ, സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ മൊഴികൾ എന്നിവ പരിശോധിച്ചതോടെയാണ് കൊലപാതക സംശയം ശക്തമായത്. തുടർന്ന് സിയയെയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. പ്രതികളെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

സിയയ്ക്ക് ഈ വിവാഹത്തിൽ താൽപര്യമില്ലായിരുന്നുവെന്നും കേതനെ ഒഴിവാക്കാനായി മുൻകൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിനായി തന്റെ കാമുകന്റെ സഹായം സിയ തേടിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പ്രമുഖ നിർമാണ വ്യവസായി വിശാൽ അഗർവാളിന്റെ മകനാണ് കേതൻ അഗർവാൾ. നവംബറിൽ രാജസ്ഥാനിലെ ഉദയ്പുരിൽ വെച്ച് ആഡംബര വിവാഹം നടത്താനായിരുന്നു കുടുംബത്തിന്റെ പദ്ധതി. ഇതിനായി ജയ്പുരിലെ ഒരു കൊട്ടാരം 17 കോടി രൂപയ്ക്ക് ബുക്ക് ചെയ്തിരുന്നുവെന്നും അതിഥികൾക്കായി രണ്ട് സ്വകാര്യ വിമാനങ്ങൾ വരെ ഒരുക്കിയിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow