ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി വകമാറ്റി; ഓഫ് ബജറ്റ് കടബാധ്യത 39,230 കോടി, സിഎജി റിപ്പോർട്ട്

Jun 23, 2026 - 15:55
Jun 23, 2026 - 15:56
 0
ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി വകമാറ്റി; ഓഫ് ബജറ്റ് കടബാധ്യത 39,230 കോടി, സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി വകമാറ്റിയതായി സിഎജി റിപ്പോർട്ട്. സംസ്ഥാനത്തിന്റെ ഓഫ് ബജറ്റ് കടമെടുപ്പ് വലിയ സാമ്പത്തിക ബാധ്യതയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സിഎജി റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിന്റെ ഓഫ് ബജറ്റ് കടബാധ്യത 39,230 കോടി രൂപയാണ്. തീർപ്പാക്കാത്ത കടബാധ്യത മാത്രം 3,511 കോടി രൂപയുമുണ്ട്. കിഫ്ബിയും പെൻഷൻ കമ്പനിയും സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

റവന്യൂ കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കുന്നതിനായാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ സഞ്ചിത നിധിയിലേക്ക് മാറ്റിയതെന്നാണ് സിഎജിയുടെ കണ്ടെത്തൽ. കഴിഞ്ഞ സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റിലെ പാളിച്ചകളും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദന അനുപാതത്തിലുള്ള കടബാധ്യത 9.30 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നു. റവന്യൂ വരവിൽ 0.30 ശതമാനത്തിന്റെ മാത്രം വളർച്ചയാണ് ഉണ്ടായത്. അതേസമയം, കേന്ദ്രസഹായത്തിൽ 42 ശതമാനത്തിന്റെ കുറവും ചെലവിൽ 8.97 ശതമാനത്തിന്റെ വർധനവും രേഖപ്പെടുത്തി. റവന്യൂ ചെലവിന്റെ 64.40 ശതമാനവും റവന്യൂ വരവിന്റെ ഏകദേശം 80 ശതമാനവും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായാണ് ചെലവഴിക്കുന്നതെന്നും സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow