ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണം: യെമന്‍ തടഞ്ഞുവച്ച മലയാളിയെ മോചിപ്പിച്ചു
മോചനത്തിനായി ഇടപെട്ടതിന് ഇന്ത്യ ഒമാൻ സർക്കാരിന് നന്ദി അറിയിച്ചു
ന്യൂഡൽഹി: ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ തകർന്ന ചരക്ക് കപ്പലിൽനിന്നു രക്ഷപ്പെട്ട് യെമനിൽ തടവിലായിരുന്ന ആലപ്പുഴ കായംകുളം സ്വദേശി അനിൽകുമാർ രവീന്ദ്രനെ മോചിപ്പിച്ചു. സെക്യൂരിറ്റി ഓഫിസറായ ഇദ്ദേഹം നിലവിൽ മസ്‌കത്തിലെത്തി. ഉടൻ തന്നെ ഇന്ത്യയിലേക്ക് തിരിക്കും. മോചനത്തിനായി ഇടപെട്ടതിന് ഇന്ത്യ ഒമാൻ സർക്കാരിന് നന്ദി അറിയിച്ചു.
ജൂലൈ ഏഴിനാണ് ഗ്രനേഡ് ആക്രമണത്തിൽ ചരക്കുകപ്പൽ മുങ്ങിയത്. കപ്പലിലെ സെക്യൂരിറ്റി ഓഫിസറായ അനിൽകുമാറടക്കം 11 പേരെയാണ് അപകടത്തിനു ശേഷം കാണാതായത്. ആക്രമിക്കപ്പെട്ട കപ്പലിൽ ആകെ 25 ജീവനക്കാരുണ്ടായിരുന്നു. മൂന്നുപേർ ആക്രമണത്തിനിടെ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
21 പേർ കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിൽ തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിൻ ഉൾപ്പെടെ 10 പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചിരുന്നു. അനിൽകുമാർ അടക്കമുള്ളവർ ലൈഫ് ജാക്കറ്റ് ധരിച്ച് കടലിൽ ചാടിയെങ്കിലും തിരയിൽ ദിശമാറിപ്പോയതിനെ തുടർന്നാണ് കണ്ടെത്താൻ പ്രയാസം നേരിട്ടത്.
കാണാതായതിന് ശേഷം ജൂലൈ അവസാനം പത്തിയൂർക്കാലയിലെ ശ്രീജാലയം വീട്ടിലേക്ക് അനിൽകുമാർ രവീന്ദ്രൻ്റെ ഫോൺ വിളിയെത്തിയിരുന്നു. താൻ യെമനിലുണ്ടെന്നും ഉടൻ നാട്ടിൽ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അനിൽ ഭാര്യ ശ്രീജയോട് പറഞ്ഞു. നിമിഷങ്ങൾ മാത്രം നീണ്ട സംഭാഷണത്തിനിടയിൽ മകൻ അനൂജിനോടും അദ്ദേഹം സംസാരിച്ചു.
അനിലിൻ്റെ ഫോൺ വന്ന വിവരം ശ്രീജ എംബസി അധികൃതരെ അറിയിക്കുകയും യെമനിൽ നിന്ന് വിളിച്ച ഫോൺ നമ്പറും കൈമാറുകയും ചെയ്തിരുന്നു. യെമനിൽ ഇന്ത്യയ്ക്ക് എംബസി ഇല്ലാത്തതിനാൽ സൗദിയിലെ ഇന്ത്യൻ എംബസിക്കായിരുന്നു മോചനത്തിനുള്ള ചുമതല. കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും കാർത്തികപ്പള്ളി തഹസിൽദാറും വീട്ടിലെത്തി അനിലിൻ്റെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. കപ്പലിലെ കാണാതായ മറ്റ് 10 പേരെയും ഈ ശ്രമങ്ങളുടെ ഭാഗമായി മോചിപ്പിച്ചിട്ടുണ്ട്.
What's Your Reaction?