അറസ്റ്റ് ചെയ്താല്‍ സിനിമാ ഷൂട്ടിങ് മുടങ്ങും, വന്‍ നഷ്ടം ഉണ്ടാകും; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി
ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍. എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താനയെയും സഹായി കെ ഫിറോസിനെയും എക്‌സൈസ് സംഘം പിടികൂടിയത്. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ശ്രീനാഥ് ഭാസി അടക്കമുള്ള ചില സിനിമാ താരങ്ങള്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയിട്ടുണ്ടെന്ന വിവരം എക്‌സൈസിന് ലഭിച്ചത്. തുടര്‍നടപടികളുമായി എക്‌സൈസ് മുന്നോട്ടുപോകുന്നതിനിടെയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ താന്‍ നിരപരാധിയാണെന്നും തസ്ലിമ സുല്‍ത്താനയില്‍ നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും ശ്രീനാഥ് ഭാസി ഹര്‍ജിയില്‍ പറയുന്നു. നിലവില്‍ താന്‍ സിനിമാ ഷൂട്ടിങ്ങിലാണ്. ഈ പശ്ചാത്തലത്തില്‍ കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്താല്‍ ഷൂട്ടിങ് മുടങ്ങുകയും വലിയ നഷ്ടം ഉണ്ടാകാനിടയാക്കുകയും ചെയ്യും. അതുകൊണ്ട് ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണ്. മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ ജാമ്യ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യില്ല. തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്നീ കാര്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
What's Your Reaction?






