തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രതികളായ 11 പേരും കുറ്റക്കാരാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നെടുമങ്ങാട് പട്ടികജാതി - പട്ടികവർഗ പ്രത്യേക കോടതിയാണ് ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നിവരാണ് പ്രതികൾ. ബുധനാഴ്ച കേസിൽ ശിക്ഷ വിധിക്കും. പ്രതികൾ കുറ്റം ചെയ്തതായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞു.
2021 ഡിസംബർ 11നാണ് കൊലപാതകം നടന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അക്രമിസംഘത്തെ കണ്ട് സുധീഷ് ഓടി ഒളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രതികൾ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കാൽപ്പത്തി വെട്ടിയെടുത്ത് റോഡിലെറിയുകയും ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നു.