സീമ വിനീത് ഉൾപ്പെടെ 16 ട്രാൻസ്‌ജെൻഡർമാർ ബി.ജെ.പിയിൽ

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് ഇവർ അംഗത്വം സ്വീകരിച്ചത്

Mar 4, 2026 - 21:41
Mar 4, 2026 - 21:41
 0
സീമ വിനീത് ഉൾപ്പെടെ 16 ട്രാൻസ്‌ജെൻഡർമാർ ബി.ജെ.പിയിൽ

തിരുവനന്തപുരം: പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സീമ വിനീത് ഉൾപ്പെടെയുള്ള ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ പ്രമുഖർ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് ഇവർ അംഗത്വം സ്വീകരിച്ചത്.

വിവിധ മേഖലകളിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ വ്യക്തിത്വങ്ങൾ ഒരേസമയം പാർട്ടിയിലേക്ക് എത്തിയത് ബിജെപിക്ക് വലിയ രാഷ്ട്രീയ നേട്ടമായി വിലയിരുത്തപ്പെടുന്നു. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും കണ്ടന്റ് ക്രിയേറ്ററുമായ സീമ വിനീത്, സാമൂഹിക പ്രവർത്തക ശ്രീക്കുട്ടി നമിത, ഭരതനാട്യ നർത്തകി ആദ്രിജ ദാസ്, ലിബർട്ടി ഫൗണ്ടേഷൻ പ്രസിഡന്റ് രഞ്ജിനി പിള്ള, മെട്രോ എംപ്ലോയീസ് സംഘ് ജോയിന്റ് സെക്രട്ടറി മീരാ മുരളി, കേരള ട്രാൻസ്ജെൻഡർ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ യെലോഹിം ആദ്രിക്, ബീന ആന്റണി (സർവോദയ വിദ്യാലയ മുൻ ഇംഗ്ലീഷ് വിഭാഗം മേധാവി), പി.ടി. ജയലക്ഷ്മി (ടി.സി.എസ് മുൻ സീനിയർ എക്സിക്യൂട്ടീവ്) എന്നിവരാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബുധനാഴ്ച നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ, സംസ്ഥാന സെക്രട്ടറി അഞ്ജന, ബി.ജെ.പി കേരള സെൽ കൺവീനർ (മഹാരാഷ്ട്ര) ഉത്തംകുമാർ എന്നിവർ പങ്കെടുത്തു. ഋതു നന്ദ, സ്നേഹ ജി, ഉണ്ണിമായ, ശ്രീദേവി, മണിക്കുട്ടി തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16-ഓളം ട്രാൻസ്‌ജെൻഡർ പ്രതിഭകളാണ് പാർട്ടിയിൽ ചേർന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow