രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം: 'എല്ലാ ആചാര അനുഷ്ഠാനങ്ങളും പാലിക്കും'
ഓഫ് റോഡ് വാഹനങ്ങൾ ഉപയോഗിച്ചുള്ള ട്രയൽ റൺ ഉടൻ തന്നെ നടത്തുമെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട: രാഷ്ട്രപതിയുടെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട് എല്ലാ ആചാര അനുഷ്ഠാനങ്ങളും പാലിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. താന്ത്രിക വിധി, ആചാര അനുഷ്ഠാനങ്ങൾ, ക്ഷേത്ര പാരമ്പര്യം എന്നിവ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും ദർശനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുക. രാഷ്ട്രപതിയുടെ ദർശന വിവരങ്ങൾ ക്ഷേത്രം തന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
രാഷ്ട്രപതിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വാഹനവ്യൂഹം കടത്തിവിടും. വാഹനവ്യൂഹത്തിൽ ആറ് വാഹനങ്ങളായിരിക്കും ഉണ്ടാകുക. പുതിയ 'ഗൂർഖ ഓഫ് റോഡ്' വാഹനത്തിലായിരിക്കും രാഷ്ട്രപതിയുടെ യാത്ര. സ്വാമി അയ്യപ്പൻ റോഡും പരമ്പരാഗത പാതയും വഴിയായിരിക്കും വാഹനവ്യൂഹം സന്നിധാനത്ത് എത്തുക. ഓഫ് റോഡ് വാഹനങ്ങൾ ഉപയോഗിച്ചുള്ള ട്രയൽ റൺ ഉടൻ തന്നെ നടത്തുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
യാത്രാവിവരങ്ങൾ:
21- ചൊവ്വ:
ഉച്ചയ്ക്ക് 2.30ന് ഡൽഹിയിൽനിന്നു പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തേക്ക്. സ്വീകരണത്തിനു ശേഷം റോഡ് മാർഗം രാജ്ഭവനിൽ അത്താഴം, വിശ്രമം.
22 ബുധൻ:
രാവിലെ 9.25ന് ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക്. 11.00ന് പമ്പ, 11.50-ന് ശബരിമല. ക്ഷേത്ര ദർശനത്തിനുശേഷം ശബരിമല ഗസ്റ്റ് ഹൗസിൽ ഉച്ചഭക്ഷണം, വിശ്രമം. വൈകുന്നേരം 4.20ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക്. രാജ്ഭവനിൽ അത്താഴം, വിശ്രമം
23 വ്യാഴം:
രാവിലെ 10.30ന് രാജ്ഭവൻ അങ്കണത്തിൽ കെ.ആർ. നാരായണന്‍റെ അർധകായ പ്രതിമ അനാച്ഛാദനം.
11.55ന് വർക്കല, 12.50ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദിയിൽ മുഖ്യാതിഥി. ഉച്ചയ്ക്ക് ശിവഗിരിയിൽ ഉച്ചഭക്ഷണം. ഉച്ചകഴിഞ്ഞ് 3.50ന് പാലാ സെന്‍റ് തോമസ് കോളജ് ഗ്രൗണ്ടിൽ. വൈകുന്നേരം 4.15-5.05ന് പാലാ സെന്‍റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലിയിൽ മുഖ്യാതിഥി
5.10ന് ഹെലികോപ്റ്ററിൽ കോട്ടയത്തേക്ക്. 6.20ന് കുമരകം താജ് റിസോർട്ടിലെത്തി താമസം, അത്താഴം.
24 വെള്ളി:
രാവിലെ 11.00ന് കോട്ടയത്തു നിന്നു ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക്. ഉച്ചയ്ക്ക് 11.35ന് കൊച്ചി നാവിക വിമാനത്താവളത്തിൽ സ്വീകരണം.
11.50ന് റോഡുമാർഗം എറണാകുളത്തേക്ക്.
12.10-1.00ന് എറണാകുളം സെന്‍റ് തെരേസാസ് കോളജ് ശതാബ്ദിആഘോഷത്തിൽ മുഖ്യാതിഥി
1.10ന് ബോൾഗാട്ടി പാലസ് ഹോട്ടലിൽ ഉച്ചഭക്ഷണം
വൈകുന്നേരം 3.45ന് നാവിക സേനാ വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ നെടുമ്പാശേരിയിലേക്ക്. 4.15ന് പ്രത്യേക വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലേക്ക്.
What's Your Reaction?






