പട്ടികജാതി വർഗ്ഗീകരണം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി തെലങ്കാന
59 പട്ടികജാതി ഉപജാതികളെ മൂന്ന് ഗ്രൂപ്പുകളായി തരംതിരിക്കും

ഹൈദരാബാദ്: പട്ടികജാതി വർഗീകരണം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി തെലങ്കാന മാറി. സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഏപ്രിൽ 14 തിങ്കാളാഴ്ച സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി. ഇന്ത്യൻ ഭരണഘടന ശില്പിയായ ബി.ആർ അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഉത്തരവ് പ്രഖ്യാപിച്ചത്. ജി.ഒയുടെ ആദ്യ പകർപ്പ് ഇന്ന് രാവിലെ മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡിക്ക് കൈമാറി.
പട്ടികജാതി വർഗീകരണത്തിനായുള്ള മന്ത്രിസഭാ ഉപസമിതിയുടെ തലവനായ ജലസേചന മന്ത്രി എൻ ഉത്തം കുമാർ റെഡ്ഡി ഒരു പത്രസമ്മേളനത്തിൽ തീരുമാനം പ്രഖ്യാപിച്ചു, ഏപ്രിൽ എട്ടിന് ഗവർണറുടെ അനുമതി ലഭിച്ചതായും ഏപ്രിൽ പതിനാലിന് തെലങ്കാന ഗസറ്റിൽ പ്രസിദ്ധീകരിച്ചതായും പറഞ്ഞു.
തെലങ്കാന സർക്കാരിൽ നിന്ന് വിരമിച്ച ഹൈകോടതി ജഡ്ജി ജസ്റ്റിസ് ഷമീം അക്തറിന്റെ നേതൃത്വത്തിൽ പട്ടികജാതി വർഗീകരണത്തിനായി ഒരു കമ്മീഷനെ നിയമിച്ചിരുന്നു. 59 പട്ടികജാതി സമുദായങ്ങളെ സർക്കാർ ജോലികളിലും വിദ്യാഭ്യാസത്തിലും പതിനഞ്ച് ശതമാനം മൊത്തം സംവരണത്തിനായി I, II, III എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി വിഭജിക്കണമെന്ന് കമ്മീഷനിൽ ശുപാർശ ചെയ്തിരുന്നു.
സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന പതിനഞ്ച് പട്ടികജാതി സമുദായങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ഒന്നിന് ഒരു ശതമാനം സംവരണം നൽകുന്നുണ്ടെന്ന് കമ്മീഷൻ റിപ്പോർട്ട് പറയുന്നു. ഇടത്തരം ആനുകൂല്യം ലഭിക്കുന്ന പതിനെട്ട് പട്ടികജാതി സമുദായങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിന് ഒമ്പത് ശതമാനം സംവരണം നൽകുന്നു, അതേസമയം ഗണ്യമായ ആനുകൂല്യം ലഭിക്കുന്ന ഇരുപത്തിയാറ് പട്ടികജാതി സമുദായങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പ് മൂന്നിന് അഞ്ച് ശതമാനം സംവരണം നൽകുന്നു.
What's Your Reaction?






