പിഎസ്‌സി പരീക്ഷാ ക്രമക്കേട്: 58 മാർക്കിന്റെ മൂല്യനിർണയം നടന്നില്ല; എസ്‌ഐടിയുടെ ഗുരുതര കണ്ടെത്തൽ
തിരുവനന്തപുരം ∙ പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ. 58 മാർക്കിന്റെ മൂല്യനിർണയം നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ മനഃപൂർവം കാലതാമസം വരുത്തിയതായും അനധികൃത നിയമനത്തിലൂടെ അന്യായ ലാഭം ഉണ്ടാക്കിയതായും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
വിശ്വാസവഞ്ചന, അഴിമതി, പൊതുസേവകന്റെ പദവി ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് പിഎസ്‌സി ഉദ്യോഗസ്ഥരെ പ്രതികളാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ ആരുടെയും പേര് എഫ്‌ഐആറിൽ പരാമർശിച്ചിട്ടില്ല.
ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ നാല് തവണ പിഎസ്‌സി ആസ്ഥാനത്ത് പരിശോധന നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പിഎസ്‌സിയുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
What's Your Reaction?



