കേരളത്തിലെ കൂടുതൽ ജയിലുകളിൽ ട്രാൻസ്‌ജെൻഡറുകൾക്കായി പ്രത്യേക സെല്ലുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശവുമായി ജയിൽ വകുപ്പ്

സംസ്ഥാനത്ത് ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. നിലവിൽ ഒരാൾ മാത്രമാണ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്.

Jan 4, 2025 - 23:19
 0  24
കേരളത്തിലെ കൂടുതൽ ജയിലുകളിൽ ട്രാൻസ്‌ജെൻഡറുകൾക്കായി പ്രത്യേക സെല്ലുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശവുമായി ജയിൽ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽപ്പെട്ട തടവുകാർക്ക് മാത്രമായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള പ്രത്യേക ഹോൾഡിംഗ് സെല്ലുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശവുമായി ജയിൽ വകുപ്പ്.

കേരളത്തിലെ 58 ജയിലുകളിൽ പാലക്കാട് ജില്ലാ ജയിൽ, എറണാകുളം ജില്ലാ ജയിൽ, തിരുവനന്തപുരം സബ് ജയിൽ എന്നിവിടങ്ങളിൽ മാത്രമാണ് നിലവിൽ ട്രാൻസ്‌ജെൻഡറുകൾക്കായി ജയിൽ ബ്ലോക്കുകളോ സെല്ലുകളോ ഉള്ളത്.

സംസ്ഥാനത്ത് ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. നിലവിൽ ഒരാൾ മാത്രമാണ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്.

മറ്റ് രണ്ട് ലിംഗക്കാരുടെ കാര്യത്തിലെന്നപോലെ, ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നുള്ള തടവുകാരുടെ എണ്ണത്തിലും ഭാവിയിൽ വർദ്ധനവ് കാണാനിടയുണ്ടെന്ന് വകുപ്പ് നിരീക്ഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം.

നിർദേശപ്രകാരം വിയ്യൂർ, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ വനിതാ ജയിലുകളിൽ ട്രാൻസ്‌വുമണുകൾക്കായി പ്രത്യേക ബ്ലോക്കുകൾ സ്ഥാപിക്കും. വനിതാ ഉദ്യോഗസ്ഥർക്കാണ് ഇവരുടെ മേൽനോട്ട ചുമതല. ഒരു ജില്ലയിലെ ഒരു ജയിലിലെങ്കിലും ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി അംഗങ്ങൾക്കായി പ്രത്യേക ബ്ലോക്കുകൾ സ്ഥാപിക്കാനാണ് വകുപ്പിൻ്റെ പദ്ധതിയെന്ന് വൃത്തങ്ങൾ അറിയിച്ചു.

മാറുന്ന കാലത്തിന് അനുസൃതമായാണ് നിർദ്ദേശത്തെ കാണേണ്ടതെന്നും ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നുള്ള തടവുകാരെ പ്രത്യേക സെല്ലുകളിൽ പാർപ്പിച്ചില്ലെങ്കിൽ ഭീഷണിപ്പെടുത്തലിനും ലൈംഗികാതിക്രമത്തിനും വിധേയരാകാനുള്ള സാധ്യതയുണ്ടെന്നും ജയിൽ വകുപ്പ് നിരീക്ഷിക്കുന്നു.

സമുദായാംഗങ്ങളുടെ പ്രതിഷേധ യോഗത്തിനിടെ ക്രമസമാധാന പ്രശ്‌നം പോലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ കമ്മ്യൂണിറ്റിയിൽ ഉള്ളവരെ എവിടെ കൊണ്ടുപോകുമെന്നത് വകുപ്പിന് മുന്നിൽ ഒരു ചോദ്യചിഹ്നമാണ്. ഇവരെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ജയിലുകളിൽ പാർപ്പിക്കാനാവില്ല.

അവർക്കായി പ്രത്യേക ജയിൽ ബ്ലോക്കുകളും സെല്ലുകളും വേണം. ട്രാൻസ്‌വുമണുകളുടെ കാര്യത്തിൽ, അവരെ നിരീക്ഷിക്കാൻ വനിതാ വാർഡൻമാരെ ആവശ്യമാണ്. ഈ കാര്യങ്ങളൊക്കെ സമയബന്ധിതമായേ നടപ്പിലാക്കാൻ കഴിയുകയുള്ളു.

അതേസമയം ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നുള്ള തടവുകാരെ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള ഉദ്യോഗസ്ഥർക്കായി റിഫ്രഷർ കോഴ്‌സുകളും വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. ഓരോ വർഷവും ഇത്തരം കോഴ്സുകൾ നൽകും.

What's Your Reaction?

like

dislike

love

funny

angry

sad

wow