ഡൽഹി തിരഞ്ഞെടുപ്പ്; ബി.ജെ.പിയും കോൺഗ്രസും രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് കെജ്‌രിവാൾ
കോൺഗ്രസും ബി.ജെ.പിയും ഔദ്യോഗികമായി സഖ്യം പ്രഖ്യാപിക്കണമെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ മുഖ്യമന്ത്രിക്കെതിരെ ഇരു പ്രതിപക്ഷ പാർട്ടികളും ആക്രമണം ശക്തമാക്കുന്നതിനിടെ കോൺഗ്രസും ബി.ജെ.പിയും ഔദ്യോഗികമായി സഖ്യം പ്രഖ്യാപിക്കണമെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാൾ.
ഏതാനും മാധ്യമപ്രവർത്തകർ ഒഴികെ, ജനങ്ങൾ കോൺഗ്രസ്സ് പാർട്ടിയെ ഗൗരവമായി കാണുന്നത് നിർത്തിയെന്നും കെജ്‌രിവാൾ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും തമ്മിൽ ഒളിഞ്ഞും തെളിഞ്ഞും സഹകരണം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഹരിയാന തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാൻ ഇരുപക്ഷവും പരാജയപ്പെട്ടതിനെത്തുടർന്ന് പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിലെ പങ്കാളികളായ എ.എ.പിയും കോൺഗ്രസും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.
കെജ്‌രിവാളിനെ 'ദേശവിരുദ്ധൻ' എന്ന് വിളിച്ചതിന് മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കനെതിരെ നടപടിയെടുക്കണമെന്ന് എ.എ.പി ആവശ്യപ്പെട്ടിട്ടുണ്ട്, കൂടാതെ കോൺഗ്രസ് പാർട്ടിയെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കാൻ ഇന്ത്യൻ ബ്ലോക്കിലെ മറ്റ് പാർട്ടികളെ സമീപിക്കുമെന്നും കെജ്‌രിവാൾ ഭീഷണി മുഴക്കി.
എ.എ.പി ഭരിക്കുന്ന പഞ്ചാബിൽ 1000 രൂപ പ്രതിമാസ ഓണറേറിയം നൽകണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച സ്ത്രീകൾ കെജ്രിവാളിൻ്റെ ഫിറോസ്ഷാ റോഡിലെ വസതിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധിക്കുന്ന സ്ത്രീകൾ കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നുമുള്ളവരാണെന്ന് കെജ്‌രിവാൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ബി.ജെ.പിയെ കടന്നാക്രമിച്ച കെജ്‌രിവാൾ, പാർട്ടിക്ക് മുഖ്യമന്ത്രി മുഖമോ അജണ്ടയോ ഇല്ലെന്നും ഡൽഹി തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബി.ജെ.പി നേതാക്കൾ തനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങളും അഭ്യൂഹങ്ങളും പടച്ചു വിടുകയാണെന്നും കുറ്റപ്പെടുത്തി.
ജോലി ചെയ്യുന്നവരെ വേണോ അതോ അഭ്യൂഹങ്ങൾ മാത്രം പടച്ചു വിടുന്നവരെ വേണോ എന്ന് ഡൽഹിയിലെ ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ ഞങ്ങളുടെ 10 വർഷത്തെ ട്രാക്ക് റെക്കോർഡും അടുത്ത അഞ്ച് വർഷത്തേക്കുള്ള ഞങ്ങളുടെ പദ്ധതിയും അവതരിപ്പിക്കുകയാണ്, അതേസമയം ബി.ജെ.പി അഭ്യൂഹങ്ങൾ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്,” കെജ്‌രിവാൾ കുറ്റപ്പെടുത്തി.
70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരിയിലാണ്. കോൺഗ്രസും ബി.ജെ.പിയും ഇതുവരെ യഥാക്രമം 48, 29 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ എ.എ.പി എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിരിക്കുകയാണ്.
What's Your Reaction?






