തിരുവനന്തപുരം: മഴക്കാലത്തുണ്ടായേക്കാവുന്ന അപകടങ്ങളെ നേരിടാൻ സർക്കാരും സർക്കാർ സംവിധാനങ്ങളും പൂർണ സജ്ജമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. ജനങ്ങൾ ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പുലർത്തിയാൽ മാത്രം മതിയെന്നും മന്ത്രി അറിയിച്ചു. മാത്രമല്ല ജനങ്ങളിൽ അനാവശ്യ ഭീതി പടർത്തുന്ന തരത്തിൽ മുൻ വർഷങ്ങളിലെ വെള്ളപ്പൊക്കങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
മഴ കനക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നുച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടര്‍മാരുടെ അവലോകന യോഗം ചേരുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. കാലവർഷത്തെ ജാഗ്രതയോടെയാണ് സമീപിക്കുന്നതെന്നും തദ്ദേശ സ്വയംഭരണ തലത്തിൽ തന്നെയുള്ള ഒരു ഡിസാസ്റ്റർ പ്ലാൻ ആണ് ഇത്തവണ തയ്യാറാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ന്യൂനമര്‍ദത്തിന്റെ ഭാഗമായി അതിതീവ്ര മഴ ഇന്നുണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു. എല്ലാ മുൻകരുതലുകളും എടുത്തുകഴിഞ്ഞുവെന്നും ജനങ്ങൾക്ക് ഭീതി വേണ്ട എന്നും മന്ത്രി അറിയിച്ചു. ഉരുൾപൊട്ടൽ സാധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ട് കനത്ത മഴ പെയ്യുന്ന സ്ഥലങ്ങളിൽ ജാഗ്രതയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.