പത്ത് വർഷത്തെ 'ക്ലിഫ് ഹൗസ്' വാസം അവസാനിക്കുന്നു; പിണറായി വിജയൻ ഇനി ചിന്താ ഫ്ലാറ്റിലേക്ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയുന്നു. തിരുവനന്തപുരം എകെജി സെന്ററിന് സമീപത്തെ ചിന്താ ഫ്ലാറ്റിലേക്കാണ് അദ്ദേഹം താമസം മാറുന്നത്. ഫ്ലാറ്റിലെ മൂന്നാം നിലയിലുള്ള 3A, 3B മുറികൾ അദ്ദേഹത്തിനായി സജ്ജീകരിച്ചുകഴിഞ്ഞു. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പാർട്ടി അനുവദിക്കുന്ന താമസസൗകര്യമാണ് ചിന്താ ഫ്ലാറ്റിലേത്.
കഴിഞ്ഞ പത്ത് വർഷമായി കേരള രാഷ്ട്രീയത്തിലെ അധികാര കേന്ദ്രമായിരുന്ന ക്ലിഫ് ഹൗസ് ഒട്ടേറെ വിവാദങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. 4.2 ഏക്കർ വിസ്തൃതിയുള്ള ഈ ഔദ്യോഗിക വസതിയിലെ നീന്തൽക്കുളം നവീകരണവും ലിഫ്റ്റ് നിർമ്മാണവും സാമ്പത്തിക പ്രതിസന്ധിക്കിടയിലും നടത്തിയെന്ന പേരിൽ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. മരപ്പട്ടി ശല്യം രൂക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശവും മുൻപ് വാർത്തകളിൽ ഇടംപിടിച്ചു.
പത്ത് വർഷത്തെ ഭരണത്തുടർച്ചയ്ക്ക് ശേഷം ക്ലിഫ് ഹൗസിന്റെ പടികൾ ഇറങ്ങുന്ന പിണറായി വിജയൻ ഇനി പാർട്ടിയുടെ സാധാരണ താമസസൗകര്യങ്ങളിലേക്ക് മടങ്ങുകയാണ്. ഔദ്യോഗിക വസതിയിലെ വിപുലമായ സുരക്ഷാ സംവിധാനങ്ങളിൽ നിന്നും സൗകര്യങ്ങളിൽ നിന്നും ചിന്താ ഫ്ലാറ്റിലെ പരിമിതമായ ചുറ്റുപാടിലേക്കുള്ള ഈ മാറ്റം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്.
What's Your Reaction?