കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ ആശങ്കയുണ്ടെന്ന് ഉമാ തോമസ് എംഎല്‍എ. വിചാരണയുടെ പല ഘട്ടങ്ങളിലും ഈ സംശയം ബലപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടായെന്നും വിധി എതിരായാൽ നിയമസഹായം നൽകുമെന്നും ഉമാ തോമസ് പറഞ്ഞു.
കേസിലെ പ്രമുഖര്‍ തടിതപ്പുമോ എന്നതില്‍ ആശങ്കയുണ്ടെന്നും 50-50 ചാന്‍സാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു. എന്നാൽ നടിയെ ആക്രമിച്ച കേസിൽ പിടി തോമസ് ആഗ്രഹിച്ച പോലെ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നത് തന്നെയാണ് തന്റെ ആഗ്രഹമെന്ന് ഉമ തോമസ് എംഎൽഎ പറഞ്ഞു. അതിജീവിതയുമായി സംസാരിച്ചിരുന്നു. വിധിയെക്കുറിച്ച് അവർക്കും ആശങ്കയുണ്ട്.
അതിജീവിതയ്ക്ക് അനുകൂലമായിട്ടുള്ള വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. പിതാവിന്റെ വേദനയോടെ അന്ന് പിടി തോമസ് ഉറങ്ങിയിരുന്നില്ല. സത്യം ജയിക്കുമെന്ന ആത്മവിശ്വാസം അതിജീവിതയ്ക്ക് നൽകിയത് അദേഹമാണെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒന്നും കൂട്ടിപ്പറയാനും കുറച്ചു പറയാനും തയ്യാറല്ലെന്ന് അന്നേ പി ടി പറഞ്ഞുവെന്നും ഉമ പറഞ്ഞു.
പ്രമുഖരായ പലരും മൊഴി മാറ്റിയത് വിധിയെ ബാധിക്കുമോയെന്ന് സംശയമുണ്ട്. മൊഴി മാറ്റാൻ പി ടി തോമസിനും സമ്മർദം ഉണ്ടായിരുന്നു.മൊഴി കൊടുക്കരുതെന്ന് പറഞ്ഞവർ വരെയുണ്ട്. വാഹനത്തിന്റെ ബോൾട്ട് ഇളകിയത് വധശ്രമം ആയിരുന്നോയെന്ന് സംശയമുണ്ടെന്നും പി ടി അന്ന് ഇടപ്പെട്ടില്ലായിരുന്നെങ്കിൽ ഈ കേസ് ഇവിടെ വരെ എത്തില്ലായിരുന്നെന്നും ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.