ഇസ്രയേൽ ‘മനുഷ്യരാശിയുടെ ശാപം’; പാക് മന്ത്രിയുടെ പരാമർശത്തിൽ നയതന്ത്ര പോര് മുറുകുന്നു

Apr 10, 2026 - 09:59
Apr 10, 2026 - 10:00
 0
ഇസ്രയേൽ ‘മനുഷ്യരാശിയുടെ ശാപം’; പാക് മന്ത്രിയുടെ പരാമർശത്തിൽ നയതന്ത്ര പോര് മുറുകുന്നു

ഇസ്‌ലാമാബാദ്: യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്ക് വേദിയാകാൻ പാക്കിസ്ഥാൻ ഒരുങ്ങുന്നതിനിടെ, ഇസ്രയേലിനെതിരെ കടുത്ത ഭാഷയിൽ വിദ്വേഷം പ്രകടിപ്പിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്രയേലിനെ ‘മനുഷ്യരാശിയുടെ ശാപം’ എന്നും ‘കാൻസർ ബാധിച്ച രാജ്യം’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് രംഗത്തെത്തിയിട്ടുണ്ട്.

ലബനനിലെ ഇസ്രയേൽ ആക്രമണത്തെ അപലപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെയാണ് ആസിഫ് തന്റെ നിലപാട് വ്യക്തമാക്കി. ഇസ്‌ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കുമ്പോൾ ലബനനിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഗാസയ്ക്കും ഇറാന്റെ ചില ഭാഗങ്ങൾക്കും പിന്നാലെ ഇപ്പോൾ ലബനനിലും ഇസ്രയേൽ നിരപരാധികളെ കൊന്നൊടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ കാൻസർ ബാധിച്ച രാജ്യം സൃഷ്ടിച്ചവർ നരകത്തിൽ പോകട്ടെ" എന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം.

പാക് മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് നെതന്യാഹുവിന്റെ ഓഫിസ് വ്യക്തമാക്കി. ഒരു മധ്യസ്ഥന്റെ റോളിൽ ഇരിക്കുന്ന രാജ്യത്ത് നിന്ന് ഉണ്ടാകേണ്ട പരാമർശമല്ല ഇതെന്നും ഇസ്രയേൽ കുറ്റപ്പെടുത്തി.

"ഇസ്രയേലിനെ 'കാൻസർ' എന്ന് വിളിക്കുന്നത് ഒരു രാജ്യത്തിന്റെ നാശത്തിനായുള്ള ആഹ്വാനമാണ്. തങ്ങളെ നശിപ്പിക്കാൻ പ്രതിജ്ഞയെടുത്ത ഭീകരവാദികളെ ഇസ്രയേൽ ഏതുവിധേനയും പ്രതിരോധിക്കുമെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദിയൻ സാർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow