യുഎസ് - ഇറാൻ ചർച്ച: പാകിസ്താന്റെ മധ്യസ്ഥതയെ തള്ളി ഇറാൻ
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ പാകിസ്താൻ നടത്തുന്ന മധ്യസ്ഥശ്രമങ്ങളെ രൂക്ഷമായി വിമർശിച്ച് ഇറാനിയൻ പാർലമെന്റ് അംഗം ഇബ്രാഹിം റെസായി രംഗത്തെത്തി. പാകിസ്താൻ നിഷ്പക്ഷത പാലിക്കുന്നില്ലെന്നും അമേരിക്കൻ താൽപ്പര്യങ്ങൾക്കും ഡൊണാൾഡ് ട്രംപിന്റെ ആഗ്രഹങ്ങൾക്കുമാണ് അവർ മുൻഗണന നൽകുന്നതെന്നും ഇറാന്റെ ദേശീയ സുരക്ഷാ-വിദേശനയ കമ്മീഷൻ വക്താവ് കൂടിയായ റെസായി ആരോപിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം തന്റെ വിയോജിപ്പ് പരസ്യമാക്കിയത്.
ലബനൻ വിഷയം, മരവിപ്പിച്ച ഇറാൻ ആസ്തികൾ തുടങ്ങിയ കാര്യങ്ങളിൽ അമേരിക്ക നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചപ്പോൾ പാകിസ്താൻ മൗനം പാലിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മധ്യസ്ഥൻ പുലർത്തേണ്ട വിശ്വാസ്യത പാകിസ്താനില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം ആഗോള സാമ്പത്തിക മേഖലയെയും എണ്ണവിലയെയും ഗുരുതരമായി ബാധിച്ചിരുന്നു. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ആണവായുധ നിർമ്മാണം സംബന്ധിച്ച ട്രംപിന്റെ കർശന നിബന്ധനകളും ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണവും ഇരുരാജ്യങ്ങളും തമ്മിലുള്ള സ്ഥിരമായ സമാധാന കരാറിന് ഇപ്പോഴും തടസ്സമായി തുടരുകയാണ്.
What's Your Reaction?