പ്രൊമോഷൻ വേദിയിൽ വിഘ്നേഷിനെ ഞെട്ടിച്ച് നയൻതാര; സാമ്പത്തിക പ്രതിസന്ധിയിൽ തുണയായത് ഭാര്യയെന്ന് സംവിധായകൻ
ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രീ-റിലീസ് ഇവന്റിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്
കൊച്ചി: ഭർത്താവ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' (LIC) എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ സർപ്രൈസ് എൻട്രിയുമായി ലേഡി സൂപ്പർസ്റ്റാർ നയൻതാര. സാധാരണയായി സിനിമാ പ്രൊമോഷനുകളിൽ നിന്ന് വിട്ടുനിൽക്കാറുള്ള താരം, ഭർത്താവിനോടുള്ള പിന്തുണ അറിയിക്കാൻ നേരിട്ടെത്തിയത് ആരാധകർക്കും അണിയറപ്രവർത്തകർക്കും ആവേശമായി.
ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രീ-റിലീസ് ഇവന്റിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. നയൻതാര വേദിയിൽ എത്തിയേക്കില്ലെന്ന് വിഘ്നേഷ് സംസാരിച്ചുകൊണ്ടിരിക്കെയാണ് അണിയറപ്രവർത്തകർക്കൊപ്പം താരം വേദിയിലേക്ക് കടന്നുവന്നത്.
തന്റെ കരിയറിലെയും ജീവിതത്തിലെയും ഏറ്റവും പ്രധാനപ്പെട്ട സ്റ്റേജാണിതെന്ന് വിഘ്നേഷ് ശിവൻ പറഞ്ഞു. തന്റെ വളർച്ചയിൽ ഒപ്പം നിന്നവരെയെല്ലാം വേദിയിലേക്ക് വിളിച്ച വിഘ്നേഷ് നയൻതാരയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: ചിത്രത്തിന്റെ മലേഷ്യ ഷെഡ്യൂൾ സമയത്ത് ഒടിടി മാർക്കറ്റിലുണ്ടായ ഇടിവ് കാരണം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. അന്ന് നയൻതാര 'മൂക്കുത്തി അമ്മൻ' എന്ന സിനിമയ്ക്കായി ലഭിച്ച അഡ്വാൻസ് തുക നൽകിയാണ് തന്നെ സഹായിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
"നടിയായ നയൻതാരയെ ഓഡിയോ ലോഞ്ചിന് കൊണ്ടുവരാനുള്ള സാമ്പത്തിക ശേഷി എനിക്കില്ല, പക്ഷേ ഒരു ഭാര്യയായോ നിർമ്മാതാവായോ വരാമെങ്കിൽ വരിക" എന്ന് വിഘ്നേഷ് തമാശരൂപേണ പറഞ്ഞു കൊണ്ടിരിക്കെയാണ് നയൻതാര സ്റ്റേജിലെത്തിയത്. പ്രിയതമയെ കണ്ടതും വികാരാധീനനായ വിഘ്നേഷ് താരത്തെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു.
തനിക്ക് ലഭിച്ച അനുഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കും ദൈവത്തോട് നന്ദി പറയാനാണ് താൻ ക്ഷേത്രങ്ങളിൽ പോകാറുള്ളതെന്ന് നയൻതാര പറഞ്ഞു. നല്ലൊരു കുടുംബവും ടീമും ലഭിച്ചതാണ് തന്റെ കരുത്തെന്നും താരം കൂട്ടിച്ചേർത്തു. നയൻതാരയുടെ അമ്മ ഓമനയും ചടങ്ങിൽ സന്നിഹിതയായിരുന്നു.
നയൻതാര കൂടി നിർമ്മാണ പങ്കാളിയായ 'ലവ് ഇൻഷുറൻസ് കമ്പനി' ഏപ്രിൽ 10-നാണ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. പ്രദീപ് രംഗനാഥൻ, കൃതി ഷെട്ടി, എസ്.ജെ. സൂര്യ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
What's Your Reaction?