തിരുവനന്തപുരം: സംസ്ഥാനത്ത് കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ പദവികളിലേക്കുളള തെരഞ്ഞെടുപ്പ് നടന്നു. സംസ്ഥാനത്ത് കണ്ണൂർ, കൊച്ചി, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകളിൽ യുഡിഎഫ് മേയറാണ്. തിരുവനന്തപുരത്ത് ഇതാദ്യമായി അധികാരം പിടിച്ച ബിജെപിക്കാണ് മേയർ പദവി. കോഴിക്കോട് മാത്രമാണ് എൽഡിഎഫിന് മേയർ സ്ഥാനം ലഭിച്ചത്.
തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി വിവി രാജേഷിനെ തെരഞ്ഞെടുത്തു. 51 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും വോട്ടുകളാണ് ലഭിച്ചത്. എം ആർ ഗോപനാണ് വി വി രാജേഷിൻ്റെ പേര് നിർദേശിച്ചത്. വി ജി ഗിരികുമാർ പിൻതാങ്ങി.
വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസിന്റെ രണ്ടു വിമതരും കോൺഗ്രസിന് വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് 35, എൽഡിഎഫ് 13, ബിജെപി 8 സീറ്റുകളുമാണ് നേടിയത്. സത്യപ്രതിജ്ഞ ചെയ്ത നിജി ജസ്റ്റിനെ കോൺഗ്രസ് നേതാക്കൾ ഷാളണിയിച്ചും തലയിൽ കിരീടം ചൂടിയുമാണ് സ്വീകരിച്ചത്.
പാലാ നഗരസഭയുടെ ഇരുപത്തിരണ്ടാമത് അധ്യക്ഷയായി ഇരുപത്തിയൊന്ന് കാരി ദിയ പുളിക്കക്കണ്ടം ചുമതല ഏറ്റു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ എന്ന നേട്ടമാണ് ദിയ ബിനു പുളിക്കകണ്ടം കൈവരിച്ചത്. അടിസ്ഥാന വികസനത്തിൽ ഊന്നിലുള്ള മാർഗ്ഗരേഖകളുമായാണ് ചുമതല ഏൽക്കുന്നത് എന്ന് ദിയ ബിനു പുളിക്കകണ്ടം പറഞ്ഞു.
വികെ മിനിമോൾ കൊച്ചി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുത്തു. സ്വതന്ത്രൻ ബാസ്റ്റിൻ ബാബുവിൻ്റെ വോട്ട് മിനിമോൾക്ക് ലഭിച്ചതോടെ വി കെ മിനിമോൾ 48 വോട്ട് നേടി.ആദ്യ രണ്ടരവർഷമാണ് മിനിമോൾ മേയറാവുക. തുടർന്നുള്ള രണ്ടരവർഷം ഷൈനി മേയറാകും.
അതേസമയം, വടകര മുനിസിപ്പൽ ചെയർമാനായി എൽ ഡി എഫിലെ പി കെ ശശി സത്യപ്രതിജ്ജ ചെയ്ത് അധികാരമേറ്റു. സി പി എം വടകര ഏരിയ കമ്മിറ്റി അംഗമായിരുന്നു. 48 കൗൺസിലർമാരിൽ 28 വോട്ടുകളാണ് ശശിക്ക് ലഭിച്ചത്.
പെരുമ്പാവൂർ നഗരസഭയിൽ യുഡിഎഫിലെ കെ.എസ് സംഗീത ചെയർപേഴ്സണായി. 29 അംഗങ്ങളുള്ള നഗരസഭയിൽ യുഡിഎഫിന് 16 വോട്ടുകളും എൽഡിഎഫിന് 11 വോട്ടുകളും ലഭിച്ചു.
പരവൂർ നഗരസഭ ചെയർമാനായി എൽഡിഎഫിലെ ജയലാൽ ഉണ്ണിത്താനെ തെരഞ്ഞെടുത്തു. നെടുമങ്ങാട് നഗരസഭയില്‍ സി പി എം സ്ഥാനാർത്ഥി അഡ്വ. ആർ ജയദേവൻ 29 വോട്ടുകൾക്ക് വിജയിച്ചു. കൊട്ടാരക്കര മുനിസിപ്പിൽ ചെയർ പേഴ്സണായി അനിതാ ഗോപകുമാറിനെയാണ് തെരഞ്ഞെടുത്തത്.
കൊല്ലം കോർപ്പറേഷൻ മേയറായി എ കെ ഹഫീസിനെ തെരഞ്ഞെടുത്തു. കോർപ്പറേഷനിലെ ആദ്യ യുഡിഎഫ് മേയറായാണ് എ.കെ ഹഫീസ് ചുമതലയേല്‍ക്കുന്നത്. കൊല്ലം കോർപ്പറേഷനിൽ യു ഡി എഫിന് പിന്തുണ അറിയിച്ച് എസ് ഡി പി ഐ രംഗത്തെത്തിയിരുന്നു.