ഷിഗെല്ല ഭീതി: കോഴിക്കോട് ചികിത്സയിലിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു, സംസ്ഥാനത്ത് രോഗവ്യാപനം ആശങ്കയാകുന്നു
കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയാണ് മരിച്ചത്. പനിയും കടുത്ത വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 12-നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതോടെ അടുത്തിടെ ഷിഗെല്ല ബാധയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങളുടെ എണ്ണം വര്‍ധിച്ചു. നേരത്തെ കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശിനിയായ നാലര വയസുകാരി നിള രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച ഒരു സ്ത്രീക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.
രോഗവ്യാപനം തുടരുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് ജില്ലയിലെ പയ്യോളി മേഖലയില്‍ മൂന്ന് വയസുകാരനും ഒന്‍പത് വയസുകാരനും ഷിഗെല്ല സ്ഥിരീകരിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. തുറയൂര്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ രോഗസാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ഈ വര്‍ഷം സംസ്ഥാനത്ത് 110-ലധികം പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം വര്‍ധിച്ച സാഹചര്യമാണ് നിലവിലുള്ളതെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. കൂടുതല്‍ ജില്ലകളിലേക്ക് രോഗസാന്നിധ്യം വ്യാപിക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്ന ഘടകമാണ്.
കുടലിനെ പ്രധാനമായും ബാധിക്കുന്ന ബാക്ടീരിയ രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ പ്രകടമാകാത്ത സാഹചര്യങ്ങളും ഉണ്ടാകാം. മലിനമായ ഭക്ഷണവും വെള്ളവും വഴിയാണ് രോഗം കൂടുതലായി പകരുന്നത്. വ്യക്തിശുചിത്വം പാലിക്കുകയും സുരക്ഷിതമായ ഭക്ഷണവും കുടിവെള്ളവും ഉപയോഗിക്കുകയും ചെയ്യണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
What's Your Reaction?



