കേരള മുഖ്യമന്ത്രി ചർച്ച: നേതാക്കളുടെ പരസ്യ നീക്കങ്ങളിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തി
കേരളത്തിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലി കോൺഗ്രസ് നേതാക്കൾക്കിടയിൽ നടക്കുന്ന പരസ്യമായ ചേരിതിരിവിലും ഫ്ലക്സ് യുദ്ധങ്ങളിലും രാഹുൽ ഗാന്ധി കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിജയത്തിന്റെ ശോഭ കെടുത്തുന്ന രീതിയിൽ പ്രവർത്തകരെ തെരുവിലിറക്കിയതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ഹൈക്കമാൻഡ് അന്വേഷണം ആരംഭിച്ചു. അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് ദേശീയ നേതൃത്വം നൽകുന്ന സൂചന.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾക്കായി ഡൽഹിയിലെത്തിയ കേരള നേതാക്കൾ സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മുതിർന്ന നേതാവ് വി.എം. സുധീരനുമായി ഹൈക്കമാൻഡ് ചർച്ച നടത്തും. കൂടാതെ എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ അഭിപ്രായങ്ങൾ ഫോൺ വഴി തേടാനും തീരുമാനിച്ചിട്ടുണ്ട്.
കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിന് മുതിർന്ന നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ന് തന്നെ അറുതിയുണ്ടാകുമെന്നാണ് കരുതുന്നത്. പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം ജനങ്ങൾക്കിടയിൽ മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്ന ആശങ്കയിലാണ് നേതൃത്വം.
What's Your Reaction?