ഫിഫയെയും റഫറിയെയും 'കള്ളന്മാർ' എന്ന് വിളിച്ചു; പരാഗ്വേയൻ കമന്റേറ്റർക്ക് ലോകകപ്പിൽ വിലക്ക്

Jun 25, 2026 - 00:28
Jun 25, 2026 - 00:28
 0
ഫിഫയെയും റഫറിയെയും 'കള്ളന്മാർ' എന്ന് വിളിച്ചു; പരാഗ്വേയൻ കമന്റേറ്റർക്ക് ലോകകപ്പിൽ വിലക്ക്

ലോകകപ്പ് മത്സരത്തിനിടെ ഫിഫയ്ക്കും മാച്ച് റഫറിക്കും എതിരെ തത്സമയം മോശം പരാമർശങ്ങൾ നടത്തിയ പരാഗ്വേയൻ ഫുട്‌ബോൾ കമന്റേറ്റർ ജോർജ് ചിപ്പി വെരയ്ക്ക് കടുത്ത വിലക്ക്. ഫിഫയും റഫറിയും ചേർന്ന് ഫുട്‌ബോളിനെ കൊല്ലുകയാണെന്ന് ആരോപിച്ച ചിപ്പി വെരയുടെ മീഡിയ ക്രെഡൻഷ്യലുകൾ ഫിഫ റദ്ദാക്കി. ലോകകപ്പിൽ പരാഗ്വേയും തുർക്കിയും തമ്മിൽ നടന്ന ആവേശകരമായ മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം.

മത്സരത്തിനിടയിൽ കളിക്കളത്തിൽ തർക്കമുണ്ടാകുമ്പോൾ കൈകൊണ്ട് വായപൊത്തി സംസാരിക്കാൻ പാടില്ലെന്ന പുതിയ നിയമം ലംഘിച്ചതിന് പരാഗ്വേ താരം മിഗുവൽ അൽമിറോണിന് റഫറി ഇവാൻ ബാർട്ടൻ ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കിയിരുന്നു. ഈ പുതിയ നിയമപ്രകാരം ടൂർണമെന്റിൽ പുറത്താക്കപ്പെടുന്ന ആദ്യ താരമായി അൽമിറോൺ മാറി. പരാഗ്വേ പത്ത് പേരായി ചുരുങ്ങിയതോടെ ടെലിവിഷൻ ലൈവിലായിരുന്ന കമന്റേറ്റർ ജോർജ് ചിപ്പി വെരയ്ക്ക് സ്വയം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അദ്ദേഹം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെയും മാച്ച് റഫറിയെയും പരസ്യമായി 'കള്ളന്മാർ' എന്ന് വിളിച്ച് ആക്രോശിച്ചു. സംഭവം വിവാദമായതോടെ കമന്റേറ്റർ പിന്നീട് ഖേദപ്രകടനം നടത്തിയെങ്കിലും അച്ചടക്കലംഘനത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഫിഫ അദ്ദേഹത്തിന്റെ ലോകകപ്പ് റിപ്പോർട്ടിങ് അനുമതി പൂർണ്ണമായി റദ്ദാക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow