ഖത്തറിലെ റാസ് ലഫാനിൽ സ്‌ഫോടനം; 13 മരണം, നിരവധി പേർക്ക് പരിക്ക്
ദോഹ: ഖത്തറിലെ പ്രമുഖ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലെ ബർസാൻ ഗ്യാസ് സപ്ലൈ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ചവരിൽ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്വദേശികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഖത്തർ ഊർജ മന്ത്രി സാദ് അൽ കാബി അറിയിച്ചു.
ഞായറാഴ്ച രാത്രി ഉണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികളെ കാണാതായതായും 66 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
പ്രാദേശിക കമ്പനികൾക്ക് വാതകം വിതരണം ചെയ്യുന്ന ബർസാൻ ഗ്യാസ് സപ്ലൈ പ്ലാന്റിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ മാർച്ചിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് പ്ലാന്റിന് വലിയ നാശനഷ്ടമുണ്ടാകുകയും ഉൽപ്പാദനം മാസങ്ങളായി നിർത്തിവെക്കുകയും ചെയ്തിരുന്നു.
ഇത് അട്ടിമറിയോ ആക്രമണമോ അല്ലെന്നും പൂർണമായും സാങ്കേതിക തകരാർ മൂലമുണ്ടായ അപകടമാണെന്നും ഊർജ മന്ത്രി വ്യക്തമാക്കി. സ്ഫോടനത്തെ തുടർന്ന് വലിയ തീപിടിത്തമുണ്ടായെങ്കിലും സുരക്ഷാസേന ഇടപെട്ട് തീയണച്ചു. സ്ഫോടനത്തിന്റെ ശബ്ദം തലസ്ഥാനമായ ദോഹയിൽ വരെ കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
അപകടം ഖത്തറിന്റെ അന്താരാഷ്ട്ര എൽ.എൻ.ജി കയറ്റുമതിയെയോ പ്രാദേശിക ആവശ്യങ്ങളെയോ ബാധിക്കില്ലെന്നും പരിസ്ഥിതി പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും ആവശ്യമായ സഹായം ലഭ്യമാക്കാൻ ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതർ ഇടപെടുന്നുണ്ടെന്നും അറിയിച്ചു.
ഹെൽപ്‌ലൈൻ നമ്പറുകൾ: +974-55647502, +974-55384683
ഇ-മെയിൽ: cons.doha@mea.gov.in
What's Your Reaction?



