സമൂഹമാധ്യമങ്ങളും മാട്രിമോണിയൽ സൈറ്റുകളും വഴി പരിചയപ്പെട്ട യുവാക്കളെ വിവാഹവും ബിസിനസും വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

Jun 22, 2026 - 22:46
Jun 22, 2026 - 22:47
 0
സമൂഹമാധ്യമങ്ങളും മാട്രിമോണിയൽ സൈറ്റുകളും വഴി പരിചയപ്പെട്ട യുവാക്കളെ വിവാഹവും ബിസിനസും വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

കൊച്ചി: മാട്രിമോണിയൽ സൈറ്റുകളും സമൂഹമാധ്യമങ്ങളും വഴി പരിചയപ്പെടുന്ന യുവാക്കളെ വിവാഹം കഴിക്കാമെന്നും ബിസിനസ് പങ്കാളിയാക്കാമെന്നും വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത യുവതി പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായി. ആലുവ എടത്തല സ്വദേശിനിയായ ഷംല ഷമീർ (29) ആണ് അറസ്റ്റിലായത്.

വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. 2024 സെപ്റ്റംബർ 3 മുതൽ നവംബർ 20 വരെ വിവിധ ദിവസങ്ങളിലായി ബാങ്ക് അക്കൗണ്ടുകളും ഗൂഗിൾ പേയും വഴിയാണ് പണം കൈക്കലാക്കിയത്. എന്നാൽ യുവാവിനെ ബിസിനസ് പങ്കാളിയാക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നാണ് പരാതി.

യുവാവിന്റെ പരാതിയെ തുടർന്ന് കേസെടുത്ത പെരുമ്പാവൂർ പൊലീസ് ഓടക്കാടിയിലെ വീട്ടിൽ നിന്ന് ഷംല ഷമീറിനെ അറസ്റ്റ് ചെയ്തു.

വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം, ആലുവ തുടങ്ങിയ സ്ഥലങ്ങളിലെ യുവാക്കളെയും സമാന രീതിയിൽ കബളിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവാക്കളിൽ നിന്ന് ആദ്യം ചെറിയ തുകകൾ വാങ്ങുകയും പിന്നീട് വിവാഹ വാഗ്ദാനവും ബിസിനസ് പങ്കാളിത്ത വാഗ്ദാനവും നൽകി കൂടുതൽ തുക കൈപ്പറ്റുകയുമായിരുന്നു പതിവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

എറണാകുളത്തെ ഒരു പ്രമുഖ മാളിലേക്ക് കാരിബാഗുകൾ എത്തിക്കുന്നതിനുള്ള ഓർഡർ ലഭ്യമാക്കാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽ നിന്ന് ഏകദേശം 20 ലക്ഷം രൂപയും ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും തട്ടിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പിലൂടെ ലഭിച്ച പണം ആഡംബര ജീവിതത്തിനായി ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. വിവാഹിതയായ ഷംല ഷമീർ കൂടുതൽ തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow