23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമ്മത്തിൽ വീഴ്ച; ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം നഷ്ടപരിഹാരം

Jul 9, 2026 - 20:45
Jul 9, 2026 - 20:45
 0
23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമ്മത്തിൽ വീഴ്ച; ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം നഷ്ടപരിഹാരം

മലപ്പുറം: 23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമ്മത്തിൽ ഗുരുതരമായ ചികിത്സാ വീഴ്ച സംഭവിച്ചെന്ന പരാതിയിൽ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.

പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയും ബന്ധപ്പെട്ട ഡോക്ടറും ചേർന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്. കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, മുഹമ്മദ് ഇസ്മായിൽ സി.വി. എന്നിവർ അംഗങ്ങളുമായ കമ്മീഷന്റേതാണ് വിധി.

2018 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. ചേലാകർമ്മത്തിന് പിന്നാലെ അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ തൃശൂർ അമല ആശുപത്രിയിലും തുടർന്ന് ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ച് രണ്ടാഴ്ചയോളം തീവ്രപരിചരണത്തിന് വിധേയമാക്കിയിരുന്നു. ഭാവിയിൽ കൂടുതൽ ശസ്ത്രക്രിയകൾ ആവശ്യമാണെന്ന് നിർദേശിച്ച ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘവും ആരോഗ്യ വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ലായിരുന്നുവെന്നും ഡോക്ടറുടെ പരിചയക്കുറവാണ് അണുബാധയ്ക്ക് കാരണമായതെന്നും കണ്ടെത്തി.

മുൻപ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് താൽക്കാലികാശ്വാസമായി രണ്ട് ലക്ഷം രൂപ നൽകാൻ സർക്കാരിനോട് നിർദേശിച്ചിരുന്നു. ആശുപത്രിയിലെ ശുചിത്വക്കുറവും ഉപകരണങ്ങളുടെ അശാസ്ത്രീയമായ ഉപയോഗവും കുട്ടിക്ക് ജീവിതകാലം മുഴുവൻ ദുരിതമുണ്ടാക്കിയെന്ന് വിലയിരുത്തിയാണ് ഉപഭോക്തൃ കമ്മീഷന്റെ നടപടി.

കുട്ടി അനുഭവിച്ച ദുരിതത്തിന് 25 ലക്ഷം രൂപയും ഭാവിയിലെ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കുമായി 25 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം. ഇതിന് പുറമെ കോടതി ചെലവിലേക്ക് 25,000 രൂപയും നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം തുക നൽകണമെന്നും, വീഴ്ച വരുത്തിയാൽ പരാതി നൽകിയ തീയതി മുതൽ ഒൻപത് ശതമാനം പലിശ സഹിതം ഈടാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow