വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി വി.എം. സുധീരൻ
തിരുവനന്തപുരം: ഫേസ്ബുക്കിൽ തന്റെ പേരിൽ പ്രചരിപ്പിച്ച വ്യാജ പോസ്റ്റിനെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ.
"വകുപ്പുകളുടെ ഏകോപനമില്ല, കേരളത്തിൽ മുഖ്യമന്ത്രിയുടെ വൺ മാൻ ഷോ പ്രകടനം, കൂടുതൽ നീണ്ടുപോകില്ലെന്ന മുന്നറിയിപ്പുമായി വി.എം. സുധീരൻ" എന്ന വാചകത്തോടൊപ്പം അദ്ദേഹത്തിന്റെ ചിത്രം ഉൾപ്പെടുത്തി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്റിനെതിരെയാണ് പരാതി.
മുഹമ്മദ് ഖലീൽ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് പങ്കുവെച്ചതെന്നും, പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി എം. പത്മഗിരീശനാണ് ഇത് തന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും സുധീരൻ പറഞ്ഞു.
സർക്കാരിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന തരത്തിൽ താൻ പ്രസ്താവന നടത്തിയെന്ന തെറ്റിദ്ധാരണ ജനങ്ങളിൽ സൃഷ്ടിക്കാനും വിദ്വേഷവും പ്രകോപനവും വളർത്താനുമുള്ള ഹീനശ്രമമാണ് ഈ വ്യാജ പ്രചാരണമെന്നും പരാതിയിൽ അദ്ദേഹം ആരോപിച്ചു.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് വി.എം. സുധീരൻ ആവശ്യപ്പെട്ടു.
What's Your Reaction?



