മലപ്പുറം:മെസ്സിയുടെയും അർജന്റീന ടീമിന്റേയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിൽ പ്രതികരണവുമായി കായിക മന്ത്രി വി അബ്ദുറഹിമാന്‍. അര്‍ജന്‍റീന ഫുട്ബോള്‍ ടീമിനെ കേരളത്തില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് മന്ത്രി പറഞ്ഞു.
അർജന്‍റീന ഫുട്ബോൾ അസോസിയേഷനുമായി കരാർ ഒപ്പിട്ടത് സ്പോൺസറാണ്. ഇതിൽ സർക്കാരിന് ഉത്തരവാദിത്വമില്ലെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല വിഷയം അനാവശ്യമായി പെരുപ്പിച്ചു കാണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അര്‍ജന്‍റീന ടീമിനെ കേരളത്തില്‍ കൊണ്ടുവരാനുള്ള പണവും സ്പോണ്‍സറാണ് അടച്ചത്. സര്‍ക്കാരിന് ആരുമായും കരാറില്ല. സ്പോണ്‍സര്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് കരാറൊപ്പിട്ടതെന്നും അബ്ദുറഹിമാന്‍ വ്യക്തമാക്കി. ഈ വർഷം അർജന്റീന ടീം കേരളത്തിൽ കളിച്ചില്ലെങ്കിൽ പിന്നീട് കേരളത്തിന് താൽപര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
അർജന്‍റീന ഫുട്ബോൾ അസോസിയേഷന്‍റേതെന്ന തരത്തിൽ പുറത്തുവന്നത് വിശ്വാസതയില്ലാത്ത ചാറ്റാണെന്നും മന്ത്രി പറഞ്ഞു. സ്‌പെയിനിലേക്ക് മന്ത്രി ഒറ്റക്കല്ല പോയത് കായിക വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവർ പോയി വരുമ്പോൾ അതിന് ചെലവുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.