കുട്ടിയുടെ ചെവിയിൽ നുള്ളിയ സംഭവം; കെ ടി ജലീൽ മാപ്പുപറയണമെന്ന് എംഎസ്എഫ്
പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിനിടെ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ മുൻമന്ത്രി കെ ടി ജലീലിനെതിരെ എംഎസ്എഫ് രംഗത്ത്. കുട്ടികളെ അപമാനിച്ച സംഭവത്തിൽ ജലീൽ പരസ്യമായി മാപ്പുപറയണമെന്ന് എംഎസ്എഫ് പാലക്കാട് ജില്ലാ പ്രസിഡന്റ് ഫർഹാൻ ബിയാം ആവശ്യപ്പെട്ടു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ വിജയോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിവാദത്തിന് വഴിവെച്ച സംഭവം. പരിപാടിക്കിടെ കുട്ടികളോട് "അക്ഷരമറിയില്ലേ" എന്ന് ചോദിച്ച ജലീൽ, വിലാസം തെറ്റായി എഴുതിയെന്ന് ആരോപിച്ച് ഒരു വിദ്യാർഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളുന്നതായി ദൃശ്യങ്ങളിൽ കാണാം. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു.
വിദ്യാർഥികളോട് പൊതുവേദിയിൽ ഇത്തരത്തിൽ പെരുമാറിയത് അംഗീകരിക്കാനാവില്ലെന്നും കുട്ടികളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന നടപടിക്കെതിരെ നിയമപരമായ ഇടപെടൽ വേണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു
What's Your Reaction?



