നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; 'തന്നെ തൂക്കിക്കൊന്നോളൂ' എന്ന് കോടതിയിൽ പ്രതിയുടെ പ്രതികരണം

Jul 13, 2026 - 15:59
Jul 13, 2026 - 16:01
 0
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; 'തന്നെ തൂക്കിക്കൊന്നോളൂ' എന്ന് കോടതിയിൽ പ്രതിയുടെ പ്രതികരണം

പാലക്കാട്: പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചു. ബി.എൻ.എസ് വകുപ്പുകൾ 103(1), 126(2) എന്നിവ പ്രകാരമാണ് കോടതി കുറ്റം തെളിഞ്ഞതായി കണ്ടെത്തിയത്. ഒന്നര വർഷത്തിലേറെ നീണ്ട നിയമനടപടികൾക്കൊടുവിലാണ് വിധി. കേസിലെ ശിക്ഷ ജൂലൈ 15ന് പ്രഖ്യാപിക്കും.

വിധി പ്രസ്താവിക്കുന്നതിന് മുൻപ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ, "തന്നെ തൂക്കിക്കൊന്നോളൂ" എന്നായിരുന്നു ചെന്താമരയുടെ മറുപടി. പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും (56) അമ്മ ലക്ഷ്മിയെയും (75) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. ജൂലൈ 6ന് വിധി പറയാനിരുന്നതെങ്കിലും ജഡ്ജിയുടെ ആരോഗ്യപ്രശ്നത്തെ തുടർന്ന് അത് മാറ്റിവയ്ക്കുകയായിരുന്നു. ജൂൺ 30നാണ് കേസിലെ അന്തിമവാദം പൂർത്തിയായത്.

വിധിക്ക് പിന്നാലെ പ്രതികരിച്ച കേസിലെ പ്രധാന സാക്ഷിയായ പുഷ്പ, ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ചെന്താമര പുറത്തിറങ്ങിയാൽ തനിക്കും സജിതയുടെ മക്കൾക്കും ജീവഭീഷണിയാണുള്ളതെന്നും, സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ നാട്ടിലേക്ക് മടങ്ങാനാകൂവെന്നും അവർ പറഞ്ഞു.

2025 ജനുവരിയിലാണ് നെന്മാറ പോത്തുണ്ടിയിൽ ഈ ഇരട്ടക്കൊലപാതകം നടന്നത്. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയായിരുന്നു ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. സജിത വധക്കേസിലും ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ആ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow