'ഇതെന്‍റെ അവസാനത്തെ കോള്‍, വൈകാതെ വധശിക്ഷ നടപ്പിലാകും', അവസാന ആഗ്രഹത്തിന് പിന്നാലെ ഇന്ത്യയുടെ ഇടപെടല്‍; വധശിക്ഷ നീട്ടിവെച്ച് അബുദാബി

അബുദാബി: 'ഇതെന്‍റെ അവസാനത്തെ ഫോൺ കോളായിരിക്കാം. വൈകാതെ വധശിക്ഷ നടപ്പിലാക്കുമെന്ന് അധികൃതർ പറഞ്ഞു. കഴിയുമെങ്കിൽ എന്നെ രക്ഷിക്കൂ'- അബുദാബിയിൽ വധശിക്ഷ കാത്ത് കഴിയുന്ന ഇന്ത്യൻ യുവതിയുടേ അപേക്ഷ. നാട്ടിലെ കുടുംബത്തോട് അവസാനമായി സംസാരിക്കുകയായിരുന്നു യുപി സ്വദേശി ഷഹ്‌സാദി (33). യുഎഇയില്‍ വെച്ച് ഇന്ത്യൻ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടർന്ന് അവർ നൽകിയ കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ഷഹ്സാദിക്കെതിരെ അബുദാബി കോടതി വധശിക്ഷ വിധിച്ചത്.
യുവതിയുടെ അവസാന ആഗ്രഹം വീട്ടുകാരോട് പറഞ്ഞതിന് പിന്നാലെ ഇന്ത്യ ഇടപെട്ടു. ഇന്ത്യന്‍ നയതന്ത്രകാര്യാലയം അധികൃതർ പുനഃപരിശോധനാ ഹർജി നൽകിയതിനെ തുടർന്ന് അബുദാബിയിൽ ഉത്തർപ്രദേശ് സ്വദേശിനി ഷഹ്സാദി(33)യുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു. ജോലി സ്ഥലത്ത് കുട്ടി മരിച്ച കേസിൽ അബുദാബി അൽ വത് ബയിലാണ് യുവതി കഴിയുന്നത്. അവസാന ആഗ്രഹമെന്ന നിലയിലാണ് വീട്ടിലേക്ക് വിളിച്ച് കുടുംബത്തോട് സംസാരിക്കാന്‍ ജയില്‍ അധികൃതര്‍ ഷഹ്‌സാദിയെ അനുവദിച്ചത്. ഈ മാസം 16നാണ് ഷഹ്‌സാദിയുടെ കുടുംബത്തെത്തേടി ദുബായില്‍നിന്ന് ഫോണ്‍ കോളെത്തിയത്. താനിപ്പോള്‍ ഏകാന്തതടവിലാണെന്നും 24 മണിക്കൂറിനുള്ളില്‍ തന്‍റെ വധശിക്ഷ നടപ്പാക്കുമെന്ന് ജയിലധികൃതര്‍ പറഞ്ഞെന്നും ഷഹ്‌സാദി കുടുംബത്തോട് പറഞ്ഞു.
ഈ ഫോണ്‍കോളിന് പിന്നാലെ മകളുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഷഹ്‌സാദിയുടെ കുടുംബം ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അപേക്ഷ സമർപ്പിച്ചു. അബുദാബി ഇന്ത്യൻ എംബസിയിലും ഇതുസംബന്ധമായി അപേക്ഷ നൽകിയിട്ടുണ്ട്. ഇന്ത്യന്‍ ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകനെ നോക്കാനായിരുന്നു ഷഹ്‌സാദിയെ കുടുംബം അബുദാബിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍, കുട്ടിയുടെ അപ്രതീക്ഷിത മരണത്തോടെ ഷഹ്‌സാദി കുരുക്കിലായി. മകന്‍റെ മരണത്തിന് ഉത്തരവാദി ഷഹ്‌സാദിയാണെന്ന് ആരോപിച്ച് ഫൈസും നസിയയും പരാതി നല്‍കി. തുടര്‍ന്ന്, പോലീസ് ഷഹ്‌സാദിയെ അറസ്റ്റ് ചെയ്യുകയും അബുദാബി കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. കോടതിവിധിക്ക് പിന്നാലെ ഷഹ്‌സാദിയുടെ പിതാവ് ഷബ്ബിർ ഖാന്‍ ജില്ലാ ഭരണകൂടത്തെയും ഉന്നത ഉദ്യോഗസ്ഥരെയും കണ്ടു. തന്‍റെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
എന്നാൽ, ഇക്കാര്യത്തിൽ യാതൊരു നടപടിയുമുണ്ടായില്ല. 2021 നവംബറിൽ അബുദാബിയിലെത്തിച്ച ഷഹ്‌സാദിയെ ഉസൈര്‍ എന്ന സുഹൃത്ത് ബന്ധുക്കളായ ഫൈസ്-നദിയ എന്നീ ദമ്പതികൾക്ക് കൈമാറിയത്. ഇതിനിടെയാണ് ദമ്പതികളുടെ കുട്ടി മരിച്ചത്. ഇതിന് കാരണം ഷഹ്സാദിയയാണെന്ന് ആരോപിച്ചു. എന്നാൽ, ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് ഷഹ്‌സാദിയും പിതാവും വാദിച്ചു. ഇവർ മാതാവുന്ദി പോലീസ് സ്റ്റേഷനിൽ 2024 ജൂലൈ 15ന് പരാതി നല്‍കിയെങ്കിലും സബ് ഇൻസ്പെക്ടർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഷബ്ബിർ പരാതിപ്പെട്ടു. യുഎഇയിൽ നടന്ന കേസായതുകൊണ്ട് നടപടി സാധ്യമല്ലെന്നായിരുന്നു സബ് ഇന്‍സ്പെക്ടറുടെ നിലപാട്. പിന്നാലെ കേസ് പരിഗണിച്ച അബുദാബി കോടതി 2023ൽ ഷഹ്‌സാദിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
What's Your Reaction?






