കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; മകന് സര്‍ക്കാര്‍ ജോലി
ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളജിലെ പഴക്കം ചെന്ന കെട്ടിടം തകര്‍ന്നു വീണ് തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത് കുന്നേല്‍ ബിന്ദു മരിച്ചത്

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ഡി. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മകൻ നവീതിന് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി. ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളജിലെ പഴക്കം ചെന്ന കെട്ടിടം തകര്‍ന്നു വീണ് തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത് കുന്നേല്‍ ബിന്ദു മരിച്ചത്. ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിക്കാനെത്തിയപ്പോഴായിരുന്നു അപകടം.
വിഷയത്തില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ അഞ്ച് പേർക്കു പരുക്കേറ്റു. സുരക്ഷിതമല്ലെന്നു 12 വർഷംമുൻപു പൊതുമരാമത്തുവകുപ്പ് റിപ്പോർട്ട് നൽകിയ കെട്ടിടത്തിൽ സർജിക്കൽ ബ്ലോക്ക് അടക്കം പ്രവർത്തിച്ചിരുന്നു.
ബിന്ദുവിന്റെ കുടുംബത്തിനു വാഗ്ദാനം ചെയ്ത 5 ലക്ഷം രൂപ കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ എംഎൽഎ കൈമാറിയിരുന്നു. ബിന്ദു ജോലി ചെയ്ത ശിവാസ് സിൽക്സും ഒരു ലക്ഷം രൂപയുടെ ചെക്ക് അമ്മ സീതാലക്ഷ്മിക്കു കൈമാറിയിരുന്നു. സീതാലക്ഷ്മിക്ക് ആജീവനാന്തം എല്ലാ മാസവും 5000 രൂപ വീതം നൽകുമെന്നും കടയുടമ ആനന്ദാക്ഷൻ പറഞ്ഞിരുന്നു.
What's Your Reaction?






