സഞ്ജു സാംസണ് സെഞ്ചുറി തിളക്കം; ഡൽഹി ക്യാപിറ്റൽസിനെതിരെ വെടിക്കെട്ട് ബാറ്റിംഗ്
ആദ്യ മൂന്ന് മത്സരങ്ങളിലും രണ്ടക്കം കടക്കാനാകാതെ ഉഴറിയ സഞ്ജുവിന്റെ ഉജ്ജ്വലമായ തിരിച്ചുവരവിനാണ് ചെന്നൈ സാക്ഷ്യം വഹിച്ചത്
ചെന്നൈ: ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിലെ നിരാശപ്പെടുത്തിയ പ്രകടനങ്ങൾക്ക് മറുപടിയുമായി സഞ്ജു സാംസൺ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഫോമിലേക്ക് തിരിച്ചെത്തിയ സഞ്ജു, സീസണിലെ ആദ്യ സെഞ്ചുറി എന്ന നേട്ടവും സ്വന്തം പേരിൽ കുറിച്ചു.
ആദ്യ മൂന്ന് മത്സരങ്ങളിലും രണ്ടക്കം കടക്കാനാകാതെ ഉഴറിയ സഞ്ജുവിന്റെ ഉജ്ജ്വലമായ തിരിച്ചുവരവിനാണ് ചെന്നൈ സാക്ഷ്യം വഹിച്ചത്. 26 പന്തിൽ അർധസെഞ്ചുറി തികച്ച താരം 52-ാം പന്തിലാണ് സെഞ്ചുറി നേട്ടം ആഘോഷിച്ചത്.
ആദ്യ ഓവറിൽ തന്നെ ബൗണ്ടറിയോടെ തുടങ്ങിയ സഞ്ജു, പവർപ്ലേ ഓവറുകളിൽ ഡൽഹി ബൗളർമാരെ കടന്നാക്രമിച്ചു. നാലോവർ പിന്നിടുമ്പോൾ തന്നെ 12 പന്തിൽ നിന്ന് 30 റൺസുമായി താരം മികച്ച ഫോമിലായിരുന്നു.
സഞ്ജുവിന് മികച്ച പിന്തുണയുമായി ആയുഷ് മാത്ര അർധസെഞ്ചുറി നേടിയപ്പോൾ, ഗെയ്‌ക്‌വാദ് 15 റൺസെടുത്ത് പുറത്തായി. ഒൻപതാം ഓവറിൽ അൻപത് കടന്ന സഞ്ജു, പിന്നീട് ശ്രദ്ധയോടെയും കരുതലോടെയും കളി മുന്നോട്ട് കൊണ്ടുപോയി. കൂറ്റനടികൾക്ക് പകരം കൃത്യമായ ഗ്യാപ്പുകളിലൂടെ ബൗണ്ടറികൾ കണ്ടെത്തിയാണ് സഞ്ജു ഇന്നിംഗ്സ് കെട്ടിപ്പടുത്തത്.
ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ യഥാക്രമം 6, 7, 9 റൺസ് മാത്രം നേടി പുറത്തായ സഞ്ജുവിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ നിർണ്ണായകമായ നാലാം മത്സരത്തിൽ തന്നെ സെഞ്ചുറി നേടിക്കൊണ്ട് വിമർശകർക്ക് മറുപടി നൽകാൻ സഞ്ജുവിനായി.
What's Your Reaction?