ഹ്യുണ്ടായി കാറുകൾക്ക് മെയ് മുതൽ വില കൂടും; എല്ലാ മോഡലുകൾക്കും ഒരു ശതമാനം വരെ വർധനവ്
അസംസ്‌കൃത വസ്തുക്കളുടെ വിലയും അനുബന്ധ ഉല്‍പ്പാദന ചെലവുകളും വര്‍ദ്ധിച്ചതാണ് വില പരിഷ്‌കരണത്തിന് പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ കാറുകളുടെ വില വര്‍ധിപ്പിക്കുന്നു. ഉല്‍പ്പാദന ചെലവ് ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ മെയ് മാസം മുതല്‍ എല്ലാ മോഡലുകള്‍ക്കും വില കൂടുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. റെഗുലേറ്ററി ഫയലിങ്ങിലൂടെയാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഈ തീരുമാനത്തെക്കുറിച്ച് വ്യക്തമാക്കിയത്. വിവിധ മോഡലുകള്‍ക്കും അവയുടെ വേരിയന്റുകള്‍ക്കും അനുസരിച്ചായിരിക്കും വില വര്‍ധന നടപ്പിലാക്കുക.
അസംസ്‌കൃത വസ്തുക്കളുടെ വിലയും അനുബന്ധ ഉല്‍പ്പാദന ചെലവുകളും വര്‍ദ്ധിച്ചതാണ് വില പരിഷ്‌കരണത്തിന് പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ പരമാവധി കമ്പനി തന്നെ വഹിക്കാനാണ് ശ്രമിക്കാറുള്ളതെന്നും, എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിന്റെ ഒരു ചെറിയ ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഹ്യുണ്ടായി പ്രസ്താവനയില്‍ പറഞ്ഞു.
മെയ് ഒന്ന് മുതല്‍ ഹ്യുണ്ടായിയുടെ എന്‍ട്രി ലെവല്‍ മോഡലുകള്‍ മുതല്‍ പ്രീമിയം എസ്‌യുവികള്‍ക്ക് വരെ ഒരു ശതമാനം വരെ വില ഉയരും. നിലവില്‍ കാര്‍ വാങ്ങാന്‍ പദ്ധതിയുള്ളവര്‍ക്ക് ഏപ്രില്‍ മാസത്തെ പഴയ നിരക്കില്‍ തന്നെ വാഹനം സ്വന്തമാക്കാന്‍ സാധിക്കുമെന്നത് ശ്രദ്ധേയമാണ്.
What's Your Reaction?