രാത്രി പല്ല് തേക്കാത്തവർ ജാഗ്രത; ഹൃദയാഘാത സാധ്യത വർദ്ധിക്കുമെന്ന് പഠനം
രാത്രി ഉറങ്ങുന്ന സമയത്ത് വായിൽ ഉമിനീർ ഉൽപ്പാദനം കുറയുന്നതിലൂടെ ബാക്ടീരിയകൾ പെരുകാൻ സാധ്യതയേറെയാണെന്ന് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു
രാത്രിയിൽ പല്ല് തേക്കുന്ന ശീലം വെറും ദന്തശുചിത്വത്തിന് മാത്രമല്ല, ഹൃദയാരോഗ്യത്തിനും അത്യന്താപേക്ഷിതമാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ജപ്പാനിൽ നടത്തിയ ഒരു ഗവേഷണത്തിലാണ് രാത്രി ബ്രഷ് ചെയ്യാത്തവര്ക്കിടയിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്.
രാത്രി ഉറങ്ങുന്ന സമയത്ത് വായിൽ ഉമിനീർ ഉൽപ്പാദനം കുറയുന്നതിലൂടെ ബാക്ടീരിയകൾ പെരുകാൻ സാധ്യതയേറെയാണെന്ന് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു. രാത്രി പല്ല് തേക്കാതിരിക്കുമ്പോൾ വായയിലുണ്ടാകുന്ന ബാക്ടീരിയകൾ രക്തപ്രവാഹത്തിലൂടെ ഹൃദയത്തിലെത്താം. ഇത് ഹൃദയത്തിന്റെ ആന്തരിക പാളിയിൽ അണുബാധ (എൻഡോകാർഡിറ്റിസ്) ഉണ്ടാക്കാനോ വീക്കത്തിന് കാരണമാകാനോ ഇടയാക്കും.
മോണരോഗമുള്ളവരിൽ ബാക്ടീരിയകൾ രക്തത്തിൽ കലരാനുള്ള (Bacteremia) സാധ്യത കൂടുതലാണ്. പ്രതിരോധശേഷി കുറഞ്ഞവരിൽ ഇത് ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് ട്രിഗർ ആയേക്കാം. വിവിധ രോഗങ്ങളുമായി ആശുപത്രിയിൽ എത്തിയ 1,500 പേരെ നിരീക്ഷിച്ചതിൽ നിന്നാണ് ഈ ഫലം ലഭിച്ചത്. രാവിലെ മാത്രം പല്ല് തേക്കുന്നവരേക്കാൾ, രാവിലെയും രാത്രിയും പല്ല് തേക്കുന്നവർക്ക് മികച്ച ഹൃദയാരോഗ്യമുള്ളതായി കണ്ടെത്തി.
രാത്രി ബ്രഷ് ചെയ്യാതെ ഉറങ്ങുന്നത് വഴി പഞ്ചസാരയുടെയും ഭക്ഷണത്തിന്റെയും അംശങ്ങൾ 7 മുതൽ 8 മണിക്കൂർ വരെ വായിൽ അവശേഷിക്കുന്നു. ഇത് ബാക്ടീരിയകൾ വളരാൻ അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു. ഉറങ്ങുമ്പോൾ വായ വരണ്ടതാകുന്നത് ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കും. രാത്രിയിലെ ബ്രഷിംഗ് ഇത് തടയുന്നു. വിട്ടുമാറാത്ത മോണരോഗങ്ങൾ ഹൃദയാഘാത സാധ്യതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പല്ലുകളുടെ ശുചിത്വം പാലിക്കുന്നതിലൂടെ ഈ അപകടസാധ്യത കുറയ്ക്കാം.
What's Your Reaction?



