തദ്ദേശ ഫണ്ട് വെട്ടിക്കുറയ്ക്കൽ: സഭയിൽ ഭരണ-പ്രതിപക്ഷ പോര്, അടിയന്തര പ്രമേയത്തിന് അനുമതിയില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് ബജറ്റിൽ വൻതോതിൽ വെട്ടിക്കുറച്ച നടപടിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗം ജി. ആർ. അനിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടി കാരണം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം പൂർണ്ണമായും പ്രതിസന്ധിയിലാണെന്നും ഗ്രാമീണ മേഖലകളിൽ ഇത് കടുത്ത വികസന സ്തംഭനം സൃഷ്ടിച്ചിരിക്കുകയാണെന്നും ജി. ആർ. അനിൽ സഭയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, മുൻപും പലതവണ സഭയിൽ ചർച്ച ചെയ്തതും മറുപടി നൽകിയതുമായ കാര്യമാണിതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഈ വിഷയത്തെ അത്ര ഗൗരവത്തോടെയല്ല സമീപിച്ചത്. മുൻപ് ആവർത്തിച്ച് ചർച്ച ചെയ്ത ഒരു വിഷയം വീണ്ടും റൂൾ 50 (അടിയന്തര പ്രമേയം)ആയി സഭയിൽ കൊണ്ടുവരുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്നും, ഇക്കാര്യം പ്രതിപക്ഷ നേതാവും മറ്റ് അംഗങ്ങളും ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. നിലവിൽ ഈ വിഷയം സഭ നിർത്തിവെച്ച് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ നിലപാടിനെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
What's Your Reaction?

