കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിൽ ഉറച്ചുനിൽക്കും; പാലായിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ഞങ്ങളെന്ന് ജോസ് കെ. മാണി
പാലാ നഗരസഭയിൽ കഴിഞ്ഞ തവണത്തേതുപോലെ ഈ തിരഞ്ഞെടുപ്പിലും 'രണ്ടില' ചിഹ്നത്തിൽ കേരള കോൺഗ്രസ് പത്ത് സീറ്റുകൾ നേടി
കോട്ടയം: കേരള കോൺഗ്രസ് (എം) ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ (എൽ.ഡി.എഫ്.) തന്നെ ഉറച്ചുനിൽക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പാലായിലും തൊടുപുഴയിലും കേരള കോൺഗ്രസ് മുന്നേറ്റമുണ്ടാക്കിയെന്നും കണക്കുകൾ നിരത്തി അദ്ദേഹം വിശദീകരിച്ചു.
പാലാ നഗരസഭയിൽ കഴിഞ്ഞ തവണത്തേതുപോലെ ഈ തിരഞ്ഞെടുപ്പിലും 'രണ്ടില' ചിഹ്നത്തിൽ കേരള കോൺഗ്രസ് പത്ത് സീറ്റുകൾ നേടി. നഗരസഭയിൽ കേരള കോൺഗ്രസ് തന്നെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 'രണ്ടില കരിഞ്ഞെന്ന' പ്രചാരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലാ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫിന് 2,198 വോട്ടിൻ്റെ ലീഡാണ് ലഭിച്ചത്.
തൊടുപുഴ നഗരസഭയിൽ ജോസഫ് ഗ്രൂപ്പ് 38 വാർഡുകളിൽ മത്സരിച്ചപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. എന്നാൽ, തൊടുപുഴ നഗരസഭയുടെ ചരിത്രത്തിൽ ജോസഫ് ഗ്രൂപ്പിന് ഒരു തവണ പോലും ചെയർമാൻ സ്ഥാനം ലഭിച്ചിട്ടില്ല, എന്നാൽ കേരള കോൺഗ്രസ് മൂന്ന് തവണ ചെയർമാൻ സ്ഥാനം നേടിയിട്ടുണ്ടെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
സംഘടനാപരമായി കേരള കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകളെല്ലാം ലഭിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി പറഞ്ഞു. സംസ്ഥാനത്ത് കുറച്ച് വോട്ടുകൾ യു.ഡി.എഫിലേക്ക് പോയിട്ടുണ്ടെങ്കിലും, 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴ് ജില്ലാ പഞ്ചായത്തുകൾ ഇപ്പോഴും എൽ.ഡി.എഫിൻ്റെ കൈവശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കോൺഗ്രസും മുസ്ലിം ലീഗും യു.ഡി.എഫ്. വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്കായി മുന്നണി വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് യു.ഡി.എഫ്. വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തങ്ങൾ എൽ.ഡി.എഫിനോടൊപ്പമാണെന്നതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയത്.
What's Your Reaction?