ശബരിമല ഉത്സവത്തിന് ഇന്ന് തുടക്കം; കൊടിയേറ്റ് തിങ്കളാഴ്ച; നെയ്യഭിഷേകത്തിന് സമയക്രമീകരണം
തിങ്കളാഴ്ച (മാർച്ച് 23) രാവിലെ 11.30-നും 12-നും മധ്യേ കൊടിയേറ്റ് നടക്കും
ശബരിമല: പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ തിങ്കളാഴ്ച രാവിലെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്ന കൊടിയേറ്റ് ചടങ്ങുകൾ നടക്കുക.
ഉത്സവബലി അടക്കമുള്ള പ്രത്യേക ചടങ്ങുകൾ ഉള്ളതിനാൽ ദർശനത്തിനും നെയ്യഭിഷേകത്തിനും കർശനമായ സമയക്രമീകരണങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ക്രമീകരണങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു.
തിങ്കളാഴ്ച (മാർച്ച് 23) രാവിലെ 11.30-നും 12-നും മധ്യേ കൊടിയേറ്റ് നടക്കും. രണ്ടാം ഉത്സവം മുതൽ എട്ടാം ഉത്സവം വരെ സന്നിധാനത്ത് ഉത്സവബലി നടക്കും. മാർച്ച് 31-ന് രാത്രി 8.30-ന് ശരംകുത്തിയിൽ പള്ളിവേട്ട ചടങ്ങുകൾ നടക്കും. ഏപ്രിൽ ഒന്നിന് രാവിലെ 11 മണിക്ക് പമ്പാനദിയിൽ ആറാട്ട് നടക്കും. അന്നേദിവസം രാത്രി 10-ന് നട അടയ്ക്കും.
രണ്ടാം ഉത്സവ ദിനം മുതൽ രാവിലെ 7 മണി വരെ മാത്രമേ നെയ്യഭിഷേകം അനുവദിക്കൂ. ഉത്സവബലി ചടങ്ങുകൾ പ്രമാണിച്ച് രണ്ടാം ഉത്സവം മുതൽ എട്ടാം ഉത്സവം വരെ രാവിലെ 9 മണിക്ക് ശേഷം പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കില്ല. ഉച്ചയ്ക്ക് 12.30-ന് ദർശനത്തിനായി വീണ്ടും അനുമതി നൽകും.
ഉത്സവ ദിവസങ്ങളിൽ പ്രതിദിനം 25,000 പേർക്ക് മാത്രമാണ് വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കുക. ആറാട്ട് ദിനത്തിൽ ഇത് 10,000 ആയി ചുരുക്കിയിട്ടുണ്ട്. വൈകുന്നേരം 5 മണിക്ക് നട തുറന്നതിന് ശേഷമുള്ള ദർശനം പതിവുപോലെ തുടരുന്നതാണ്. ഉത്സവ ചടങ്ങുകൾ നടക്കുന്ന സമയങ്ങളിൽ മാത്രം നിയന്ത്രണങ്ങൾ ബാധകമായിരിക്കും.
What's Your Reaction?