'ഇന്ത്യക്ക് ആരോടും എണ്ണ വാങ്ങാം'; ട്രംപിന്‍റെ അവകാശവാദത്തിന് പിന്നാലെ പ്രതികരണവുമായി റഷ്യ
റഷ്യൻ എണ്ണയ്ക്ക് പകരം അമേരിക്കൻ എണ്ണ വാങ്ങാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചതായും ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വ്യാപാര കരാർ ഒപ്പിട്ടതെന്നുമാണ് ട്രംപ് വെളിപ്പെടുത്തിയത്
മോസ്കോ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തി പകരം അമേരിക്കയിൽ നിന്ന് വാങ്ങാൻ ഇന്ത്യ സമ്മതിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ക്രെംലിൻ. ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാൻ ഇന്ത്യക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ വ്യക്തമാക്കി. മോദി-ട്രംപ് ചർച്ചകൾക്ക് പിന്നാലെയാണ് റഷ്യയുടെ ഈ നിർണ്ണായക പ്രതികരണം.
‘‘ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും നൽകുന്ന ഏക വിതരണക്കാർ റഷ്യയല്ലെന്നു ഞങ്ങൾക്കു നന്നായി അറിയാം. ഇന്ത്യ എല്ലാക്കാലത്തും ഈ ഉൽപ്പന്നങ്ങൾ മറ്റു രാജ്യങ്ങളിൽ നിന്നും വാങ്ങിയിട്ടുണ്ട്. അതുകൊണ്ട്, ഇതിൽ പുതുമയൊന്നും ഞങ്ങൾ കാണുന്നില്ല’’ – റഷ്യയുടെ പ്രസ് സെക്രട്ടറി ദിമിത്രി പെഷ്കോവ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെ വിലമതിക്കുന്നുവെന്നും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം തുടർന്നും വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ എണ്ണയ്ക്ക് പകരം അമേരിക്കൻ എണ്ണ വാങ്ങാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചതായും ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വ്യാപാര കരാർ ഒപ്പിട്ടതെന്നുമാണ് ട്രംപ് വെളിപ്പെടുത്തിയത്. ഓരോ രാജ്യത്തിനും അവരുടെ ദേശീയ താത്പര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കാൻ അവകാശമുണ്ടെന്നും ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരുമെന്നും റഷ്യൻ വക്താവ് സൂചിപ്പിച്ചു.
ഇന്ത്യയ്ക്കുമേൽ ചുമത്തിയിരുന്ന 25% പകരം തീരുവ 18 ശതമാനമാക്കി കുറച്ചതായി ട്രംപ് പ്രഖ്യാപിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഓഗസ്റ്റ് മാസം മുതൽ അമേരിക്ക ഇന്ത്യയ്ക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 25% പകരം തീരുവയ്ക്ക് പുറമേ, റഷ്യൻ എണ്ണ ഉപയോഗിക്കുന്നതിന് 25% അധിക തീരുവ കൂടി ചേർത്ത് ആകെ 50% തീരുവയാണ് ഇന്ത്യ നൽകേണ്ടി വന്നിരുന്നത്. പുതിയ കരാറിലൂടെ ഈ സാമ്പത്തിക ഭാരം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
What's Your Reaction?

