മാവേലിക്കര മുൻ എം.എൽ.എ എം. മുരളി അന്തരിച്ചു

1969-ൽ കെ.എസ്.യു-വിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി

Feb 5, 2026 - 11:31
Feb 5, 2026 - 11:31
 0
മാവേലിക്കര മുൻ എം.എൽ.എ എം. മുരളി അന്തരിച്ചു

മാവേലിക്കര മണ്ഡലത്തെ ദീർഘകാലം നിയമസഭയിൽ പ്രതിനിധീകരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിലവിൽ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയർമാനായിരുന്നു.

1969-ൽ കെ.എസ്.യു-വിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

1991 മുതൽ 2006 വരെ തുടർച്ചയായി നാല് തവണ (1991, 1996, 2001, 2006) മാവേലിക്കര മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എം.ജി സർവകലാശാലയിലെ ആദ്യ സെനറ്റ് അംഗമായിരുന്നു. കെ.എസ്.ഇ.ബി (KSEB), കെ.എസ്.എഫ്.ഇ (KSFE), കെ.എസ്.ആർ.ടി.സി (KSRTC), കേരള യുവജനക്ഷേമ ബോർഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ നേതൃപരമായ ചുമതലകൾ വഹിച്ചിട്ടുണ്ട്.

1987-ൽ ഡൽഹിയിൽ നടന്ന ചേരിചേരാ രാഷ്ട്രങ്ങളിലെ യുവസമ്മേളനത്തിന്റെ കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചു. പരേതനായ കെ.പി. മാധവൻ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. ഭാര്യ പ്രൊഫ. കെ.എസ്. രമാദേവി (ദേവസ്വംബോർഡ് കോളേജ് അധ്യാപിക). മക്കൾ: ഡോ. മിഥുൻ, മൃദുൽ, മൃണാൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow