ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നുള്ള 'സ്വാഭാവിക ജാമ്യമാണ്' കോടതി അനുവദിച്ചത്

Feb 5, 2026 - 12:23
Feb 5, 2026 - 12:23
 0
ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നുള്ള 'സ്വാഭാവിക ജാമ്യമാണ്' കോടതി അനുവദിച്ചത്. ഇതോടെ ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനാകും. 

കോടതി മുന്നോട്ടുവെച്ച പ്രധാന നിബന്ധനകൾ ഇവയാണ്: രണ്ട് കേസുകളിലായി രണ്ട് ലക്ഷം രൂപ വീതമുള്ള രണ്ട് ആൾജാമ്യം, എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, കേരളത്തിന് പുറത്തേക്ക് പോകരുത്. ഈ കേസിൽ ജാമ്യം ലഭിക്കുന്ന നാലാമത്തെ പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. 

മുരാരി ബാബു (മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ), സുധീഷ് കുമാർ (മുൻ എക്സിക്യൂട്ടീവ് ഓഫിസർ): ഇവർക്കും നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എസ്. ശ്രീകുമാറിന് (മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ) തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 43-ാം ദിവസം ജാമ്യം ലഭിച്ചു. അതേസമയം, കേസിലെ മറ്റൊരു നിർണ്ണായക വ്യക്തിയായ തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി കോടതി നീട്ടി. 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തതോടെ ഈ മാസം ഫെബ്രുവരി 19 വരെ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.

What's Your Reaction?

like

dislike

love

funny

angry

sad

wow