മംഗലശ്ശേരി നീലകണ്ഠൻ വീണ്ടും വെള്ളിത്തിരയിൽ: ‘രാവണ പ്രഭു’ ഒക്ടോബർ 10ന് വീണ്ടും റിലീസ്
ആൻ്റണി പെരുമ്പാവൂർ നിർമിച്ച ഈ എക്കാലത്തെയും ഹിറ്റിന് പുതിയ രൂപം നൽകി വീണ്ടും പ്രദർശനത്തിനെത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്

കൊച്ചി: മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിൽ തിളങ്ങിയ ചിത്രങ്ങളിലൊന്നായ ‘രാവണപ്രഭു’ ഒക്ടോബർ 10ന് 4K അറ്റ്മോസിന്റെ നൂതന ദൃശ്യ-ശബ്ദ സാങ്കേതികതയോടെ വീണ്ടും പ്രേക്ഷകരെ തേടി തീയറ്ററുകളിലേക്ക് എത്തുന്നു. പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും മുണ്ടക്കൽ ശേഖരനും വീണ്ടും സ്‌ക്രീനുകളിൽ പുനരവതരിക്കാനിരിക്കുകയാണ്.
രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിച്ച ഈ എക്കാലത്തെയും ഹിറ്റിന് പുതിയ രൂപം നൽകി വീണ്ടും പ്രദർശനത്തിനെത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.
ചിത്രത്തിൽ നെപ്പോളിയൻ, സിദ്ദിഖ്, രതീഷ്, സായ് കുമാർ, ഇന്നസൻ്റ്, വസുന്ധരാ ദാസ്, രേവതി, ഭീമൻ രഘു, അഗസ്റ്റിൻ, രാമു, മണിയൻപിള്ള രാജു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് സുരേഷ് പീറ്റേഴ്സ്. മനോഹരമായ ഗാനങ്ങൾ രചിച്ചതും മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനും കവിയുമായ ഗിരീഷ് പുത്തഞ്ചേരിയാണ്. ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് പി. സുകുമാർ.
മലയാള സിനിമയുടെ ചരിത്രത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തിയ ഒരു സിനിമയായി ‘രാവണപ്രഭു’ ഇന്നും നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ ഈ പ്രീമിയം റിമാസ്റ്റേർഡ് പതിപ്പ് തീയേറ്ററുകളിൽ വീണ്ടും അനുഭവിക്കാനുള്ള അവസരം സിനിമാപ്രേമികൾക്ക് അപൂർവ അനുഭവമാകുമെന്നാണ് പ്രതീക്ഷ.
What's Your Reaction?






